സെപ: ഒന്നാം വാർഷികം ആഘോഷിച്ചു
text_fieldsദുബൈ: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) ഒന്നാം വാർഷികം ദുബൈയിൽ ആഘോഷിച്ചു. യുഎ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. 2022 ഫെബ്രുവരി 18നാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെച്ചത്.
കരാർ ഒപ്പുവെച്ച് ഒരു വർഷം പിന്നിടുമ്പോൾ എണ്ണയിതര വ്യാപാര ഇടപാടിൽ 10 ശതമാനം വളർച്ച നേടിയതായി മന്ത്രി താനി അൽ സെയൂദി പറഞ്ഞു. എണ്ണയിതര വ്യാപാരം 50 ശതകോടി ഡോളറിന് അടുത്തെത്തി. 2030ഓടെ 100 ശതകോടി ഡോളർ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എസും യൂറോപ്പും ചൈനയും കഴിഞ്ഞാൽ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ലുലു ഗ്രൂപ് സി.ഇ.ഒ സൈഫീ രൂപവാലയും ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നിരങ്കർ സക്സേനയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.
ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള ഇറക്കുമതി വർധിപ്പിക്കുന്നതിനാണ് കരാർ. ഇതുപ്രകാരം ഇന്ത്യയിൽനിന്നുള്ള പുതിയ കമ്പനികളെയും ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ഫിക്കിയുമായി ചേർന്ന് ലുലു ഗ്രൂപ് പ്രവർത്തിക്കും.
ഇന്ത്യയിൽനിന്ന് ലുലു ഗ്രൂപ്പിന്റെ 247 ഹൈപ്പർമാർക്കറ്റുകളിലേക്കും സൂപ്പർമാർക്കറ്റിലേക്കും 8000 കോടി രൂപയുടെ വസ്തുക്കൾ ഇറക്കുമതി ചെയ്തതായി സൈഫീ രൂപവാല പറഞ്ഞു.
ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ദുബൈ മേഖല ഡയറക്ടർ ജെയിംസ് വർഗീസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.