യുക്രെയ്നുമായും ‘സെപ’; ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തി
text_fieldsദുബൈ: കഴിഞ്ഞ വർഷം ഇന്ത്യയുമായി ഒപ്പുവെച്ച കരാറിന് സമാനമായി യുക്രെയ്നുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത ധാരണ(സെപ)ക്ക് യു.എ.ഇ ചർച്ചകളാരംഭിച്ചു. 2022 ഡിസംബറിലാണ് പ്രാഥമിക ചർച്ചകളാരംഭിച്ചത്. യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി അൽ സയൂദി കഴിഞ്ഞ ദിവസം യുക്രെയ്ൻ ആദ്യ പ്രധാനമന്ത്രിയും സാമ്പത്തിക വികസനം, വ്യാപാരം, കൃഷി മന്ത്രിയുമായ യൂലിയ സ്വിരിഡെൻകോയുമായി ചർച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരത്തിലും നിക്ഷേപ സഹകരണത്തിലും കുതിച്ചുചാട്ടത്തിന് സഹായകരമാകുന്ന കരാറാണ് ലക്ഷ്യംവെക്കുന്നതെന്ന് അൽ സയൂദി പറഞ്ഞു. യൂറോപ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന വിപണികളിലേക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പ്രവേശിക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനങ്ങളായ ഇരു രാജ്യങ്ങളും തമ്മിലെ കരാർ വലിയ സാധ്യതകൾ തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
26 രാജ്യങ്ങളുമായി ‘സെപ’ കരാർ ഒപ്പുവെക്കാൻ യു.എ.ഇ പദ്ധതിയിടുന്നുണ്ട്. ഇതിനകം ഇന്ത്യ, ഇസ്രായേൽ, ഇന്തോനേഷ്യ, തുർക്കിയ എന്നീ രാജ്യങ്ങളുമായാണ് ഒപ്പിട്ടിരിക്കുന്നത്. കംബോഡിയ, ജോർജിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പ്രധാനമായും എണ്ണയിതര വ്യാപാരത്തിലെ വർധന ലക്ഷ്യമിട്ടാണ് കരാറുകൾ. നിർമാണ മേഖലക്കാണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുക. എണ്ണയിതര മേഖലയിലെ വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പല മടങ്ങ് ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.