ഗുരുതര നിയമലംഘനം; എക്സ്ചേഞ്ച് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
text_fieldsദുബൈ: ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് എക്സ്ചേഞ്ച് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി.
അൽ റശീദ് എക്സ്ചേഞ്ച് കമ്പനിക്കെതിരായാണ് അധികൃതർ നടപടി സ്വീകരിച്ചത്. കമ്പനിയുടെ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷം ക്രമക്കേടുകൾ വ്യക്തമായതോടെയാണ് നടപടിയുണ്ടായത്. സെൻട്രൽ ബാങ്ക് രജിസ്റ്ററിൽ നിന്ന് എക്സ്ചേഞ്ച് ഹൗസിന്റെ പേര് ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.
ഈ മാസം ലൈസൻസ് റദ്ദാക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയാണിത്. ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 137 പ്രകാരമാണ് അൽ റഷീദിന്റെ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. എക്സ്ചേഞ്ച് ഹൗസ് വിനിമയ ഇടപാടുകൾ ബോധപൂർവം കുറച്ചു കാണിച്ചതായും പണത്തിന്റെ ലഭ്യത സംബന്ധിച്ച നിയമങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനുപുറമെ സെൻട്രൽ ബാങ്കിന് തെറ്റായ വിവരങ്ങൾ കൈമാറുകയും ഗുരുതരമായ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ക്രമക്കേടിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കമ്പനിക്ക് കേസിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ചിട്ടും സമർപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.