മൂന്നു പതിറ്റാണ്ടിെൻറ സേവനം; എമിഗ്രേഷനിൽനിന്ന് നജീബ് പടിയിറങ്ങി
text_fieldsദുബൈ: 31 വർഷത്തെ സേവനത്തിനൊടുവിൽ കൊല്ലം പള്ളിമുക്ക് സ്വദേശി നജീബ് ഹമീദ് എമിഗ്രേഷൻ വിഭാഗത്തിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1988ൽ ബന്ധു അയച്ച ഇലക്ട്രിക് സ്ഥാപനത്തിെൻറ വിസയിലാണ് നജീബ് ദുബൈയിൽ എത്തിയത്. ഒരുവർഷം ഇലക്ട്രിക് കടയിൽ ജോലി ചെയ്തു. അന്ന് ആ സ്ഥാപനത്തിലെ ഉപഭോക്താവായ എമിഗ്രേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ സലാം ബിൻ സുലൂമുമായുള്ള പരിചയം വഴിയാണ് നജീബിന് എമിഗ്രേഷനിൽ ജോലി ലഭിക്കുന്നത്. നജീബ് ഇന്നും നന്ദിയോടെ ഓർക്കുന്നത് കേണൽ ജാസിം അബ്ദുൽ ഗഫൂർ എന്ന ഓഫിസറെയാണ്.
17 വർഷക്കാലം അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചു . എട്ടു സഹോദരിമാർ അടങ്ങിയ കുടുംബത്തെ പോറ്റാനും അവരെയെല്ലാം നല്ലരീതിയിൽ കെട്ടിച്ചയക്കാനും നജീബിനെ സഹായിച്ചത് ഈ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോഴത്തെ എമിഗ്രേഷെൻറ ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂറും നജീബിെൻറ പ്രവാസ ജീവിതത്തിന് ഏറെ പച്ചപ്പ് നൽകിയ ഓഫിസറാണ്. ഇവരുടെ പിന്തുണകൊണ്ട് നിരവധി ബന്ധുക്കളെ എമിഗ്രേഷനിൽ ജോലിക്ക് കയറ്റാൻ സാധിച്ചു.
താമസരേഖകൾ ഇല്ലാതെ പ്രയാസപ്പെട്ടിരുന്ന മലയാളികൾ അടക്കമുള്ള നിരവധി പേർക്ക് വലിയ സഹായിയായിരുന്നു നജീബ്. ജീവകാരുണ്യ രംഗത്ത് നാട്ടിലും മറുനാട്ടിലും സഹായങ്ങൾ നൽകി. ശിഷ്ടകാലം മാതാപിതാക്കളെ നോക്കി കുടുംബത്തിനൊപ്പം കഴിയാനാണ് നജീബിെൻറ ആഗ്രഹം. നസീമയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
നജീബിന് എമിഗ്രേഷെൻറ ആദരം
ദുബൈ: മൂന്നു പതിറ്റാണ്ടിെൻറ നിസ്വാർഥ സേവനത്തിന് നജീബിനെ എമിഗ്രേഷൻ വകുപ്പ് അംഗീകാരപത്രം നൽകി ആദരിച്ചു. ദുബൈ എമിഗ്രേഷൻ അസിസ്റ്റൻറ് ഡയറക്ടറും തൊഴിൽകാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ സുറൂറിെൻറ ഓഫിസിലായിരുന്നു നജീബ് ജോലി ചെയ്തിരുന്നത്. യാത്രയയപ്പ് ചടങ്ങിൽ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ സുറൂറാണ് അംഗീകാരപത്രം നൽകിയത്.
ഹ്യൂമൻ റിസോഴ്സ് ആൻഡ് അക്കൗണ്ട്സ് ഡയറക്ടർ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ, അമർ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്മെൻറ് മേധാവി മേജർ സാലിം ബിൻ അലി, ക്യാപ്റ്റൻ ആദിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.