അബൂദബിയിലെ പുതിയ ടെർമിനൽനിന്ന് സർവിസ് തുടങ്ങി
text_fieldsഅബൂദബി: ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനത്തിന് തുടക്കമായി. ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യ സര്‍വീസ് തുടങ്ങുന്നത് ഇത്തിഹാദ് എയര്‍വേസാണ്. അബൂദബിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഇത്തിഹാദ് എയര്‍വേസിന്റെ എയര്‍ബസ് എ 350-1000 വിമാനം 359 പേരുമായി പറന്നുയർന്നതോടെ വിമാനത്താവള രംഗത്ത് അബൂദബി പുതിയൊരു നാഴിക കല്ലുകൂടി പിന്നിട്ടു.
ഇത്തിഹാദ് സി.ഇ.ഒ. അന്റോനോല്‍ദോ നെവസ്, മാനേജിങ് ഡയറക്ടറും താല്‍ക്കാലിക സി.ഇ.ഒയുമായ ഇലീന സോര്‍ലിനി, ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ ഫ്രാങ്ക് മക് ക്രോറീ എന്നിവർ ടെര്‍മിനലിലെ ആദ്യ യാത്രികരെ സ്വീകരിക്കാനെത്തിയിരുന്നു. വിസ് എയര്‍ അബൂദബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, പി.ഐ.എ, സ്മാര്‍ട്ട് വിങ്സ്, സിറിയന്‍ എയര്‍, ഏറോഫ്ളോട്ട്, പെഗാസസ് എയര്‍ലൈന്‍സ് തുടങ്ങി 15 എയര്‍ലൈനുകളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. നവംബര്‍ 14 മുതല്‍ 10 എയര്‍ലൈനുകള്‍ കൂടി ടെര്‍മിനല്‍ നിന്ന് സർവിസ് ആരംഭിക്കും. നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എയിലെത്തും. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ 637 വിമാനങ്ങള്‍ ടെര്‍മിനല്‍ എയിലൂടെ സർവിസ് നടത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
നവംബര്‍ ഒന്നു മുതല്‍ 14 വരെയുള്ള ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത വിമാനക്കമ്പനികളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തുക. 14നു ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ടെര്‍മിനല്‍ എയിൽ ഉൾപ്പെടുത്തും. നവംബര്‍ ഒമ്പതു മുതല്‍ ഇത്തിഹാദിന്റെ 16 വിമാനങ്ങളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തുക. ടെർമിനൽ 1, 2, എ എന്നീ ടെർമിനുകളിൽ നിന്ന് സർവിസ് തുടരുന്നതിനാൽ ഒമ്പതു മുതൽ ഇത്തിഹാദ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ ഏതു ടെര്‍മിനല്‍ വഴിയാണ് യാത്ര ചെയ്യുന്നത് എന്നറിയാന്‍ etihad.com/TerminalAinfo പരിശോധിക്കണമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.
ടെര്‍മിനല്‍ മാറിയെത്തുന്ന യാത്രികര്‍ക്കായി ടെര്‍മിനലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഷട്ടില്‍ ബസ്സുകളുടെ സേവനം ലഭ്യമാണ്. ടെര്‍മിനല്‍ എയുടെ ഡോര്‍ 7, ടെര്‍മിനല്‍ മൂന്നിന്റെ ഡോര്‍ 5 എന്നിവിടങ്ങളില്‍ നിന്നാണ് ഷട്ടില്‍ ബസ്സുകള്‍ സര്‍വീസ്. ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലുകളില്‍ ഒന്നായി മാറിയ ടെര്‍മിനല്‍ എ 742000 ചതുരശ്ര മീറ്ററില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 79 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്മിനലിലൂടെ മണിക്കൂറില്‍ 11000 യാത്രികര്‍ക്ക് സഞ്ചരിക്കാനാവും. പ്രതിവര്‍ഷം 4.5 കോടി യാത്രികരെ ടെര്‍മിനലിന് കൈകാര്യം ചെയ്യാനാവും.
സ്വയം സേവന കിയോസ്കുകള്‍, ഇമിഗ്രേഷന്‍ ഇ ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍, സുരക്ഷാ ചെക് പോയിന്റുകള്‍ അടക്കം ഒമ്പത് പ്രധാന ബയോമെട്രിക് ടച്ച് പോയിന്റുകളാണ് ടെര്‍മിനലിലുള്ളത്. പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ടെര്‍മിനല്‍ എയില്‍ ഫേഷ്യല്‍ റെകഗ്നീഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുതുടങ്ങുകയും ഇതിലൂടെ യാത്രികരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനുമാവും. നൂതന ബാഗേജ് ഹാഡ്ലിങ് സംവിധാനം മണിക്കൂറില്‍ 19200 ബാഗുകള്‍ കൈകാര്യം ചെയ്യും. 35000 ചതുരശ്ര മീറ്റര്‍ സ്ഥലം ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ക്കും ഭോചനശാലകള്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. ടെര്‍മിനല്‍ എയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി വിമാനത്താവളത്തിന്റെ പുനര്‍നാമകരണവും അധികൃതര്‍ നടത്തിയിരുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളമെന്നാണ് 2024 ഫെബ്രുവരി ഒമ്പതു മുതല്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അറിയപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.