ദുബൈയിൽ ഏഴു ദിവസത്തെ സൗജന്യ പാർക്കിങ്
text_fieldsദുബൈ: എമിറേറ്റിൽ ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഏഴുദിവസം സൗജന്യ പാർക്കിങ്. മൾട്ടി സ്റ്റോറി പാർക്കിങ് സംവിധാനങ്ങളിൽ ഒഴികെ എല്ലായിടത്തും ഏപ്രിൽ 30 മുതൽ മേയ് ആറുവരെയാണ് സൗജന്യം ലഭിക്കുകയെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മേയ് ഏഴുമുതൽ വീണ്ടും പാർക്കിങ് ഫീസ് ഈടാക്കിത്തുടങ്ങും.
ആർ.ടി.എയുടെ കീഴിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ, പണമടച്ചുള്ള പാർക്കിങ് സോണുകൾ, പബ്ലിക് ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ, സേവന കേന്ദ്രങ്ങൾ (സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ) എന്നിവയുടെ പുതുക്കിയ പ്രവൃത്തിസമയവും പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾക്ക് ഏപ്രിൽ 30 മുതൽ മേയ് എട്ടു വരെ അവധിയായിരിക്കും. മേയ് ഒമ്പതിനാണ് വീണ്ടും പ്രവൃത്തി പുനരാരംഭിക്കുക. സേവനകേന്ദ്രങ്ങൾക്ക് മേയ് ഏഴുവ വരെയാണ് അവധി ലഭിക്കുക. യു.എ.ഇ സർക്കാർ മേഖലയിൽ ഒമ്പതു ദിവസവും സ്വകാര്യ മേഖലയിൽ അഞ്ചുദിവസവും വരെ അവധിയാണ് ഈദുൽ ഫിത്റിന് പ്രഖ്യാപിച്ചിട്ടുള്ളത്.
ഷാർജയിൽ അഞ്ചു ദിവസം; അജ്മാനിൽ ഒരാഴ്ച
ഷാർജ: പെരുന്നാളിനോടനുബന്ധിച്ച് ഷാർജയിൽ അഞ്ചു ദിവസം പാർക്കിങ് സൗജന്യം. പെരുന്നാൾ ദിവസം മുതൽ മേയ് അഞ്ചു വരെയാണ് ഷാർജയിൽ ഇളവ്. എന്നാൽ, ആഴ്ചയിൽ ഏഴു ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന ഷാർജയിലെ സ്ഥലങ്ങളിൽ ഈ ദിവസങ്ങളിൽ ഇളവ് ലഭിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ഇത്തരം പാർക്കിങ് കേന്ദ്രങ്ങളിൽ നീല നിറത്തിൽ മുന്നറിയിപ്പ് ബോർഡുകളുണ്ടാകും.
ഈദുല്‍ ഫിത്റ് ആഘോഷങ്ങളുടെ ഭാഗമായുള്ള അവധി പ്രമാണിച്ച് അജ്മാനില്‍ ഒരാഴ്ച്ച സൗജന്യ പാര്‍ക്കിങ് അനുവദിക്കും. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. ഏപ്രിൽ 30 ശനിയാഴ്ച മുതൽ മേയ് ആറു വെള്ളി വരെയുള്ള ദിവസങ്ങളിലായിരിക്കും സൗജന്യമെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ ഇവയാണ്
ദുബൈ: യു.എ.ഇയിലെ പെരുന്നാൾ ആഘോഷത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. നമസ്കാരത്തിനെത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി ഓർമിപ്പിച്ചു.
ഈദ് ഖുത്ബയും നമസ്കാരവും 20 മിനിറ്റിനകം പൂർത്തിയാക്കണം. മുസല്ലകൾ സ്വന്തം കൊണ്ടുവരണം. അല്ലാത്തപക്ഷം, ഡിസ്പോസിബ്ൾ മുസല്ലകൾ ഉപയോഗിക്കണം. ഒരു മീറ്ററാണ് സാമൂഹിക അകലം. പള്ളിയുടെ പുറത്തോ അകത്തോ പാർക്കിങ് ഏരിയകളിലോ കൂട്ടംകൂടി നിൽക്കരുത്. ഹസ്തദാനവും ആശ്ലേഷണവും ഒഴിവാക്കണം.
ഈദ്ഗാഹിന്റെ കവാടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ പൊലീസും സന്നദ്ധപ്രവർത്തകരുമുണ്ടാകും. ഇമാമും സുരക്ഷാനിർദേശങ്ങൾ നൽകണം. ഈദ് സമ്മാനങ്ങൾ കൈമാറാൻ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും പ്രോട്ടോകോൾ നിർദേശിക്കുന്നുണ്ട്. പള്ളികളുടെ പുറത്ത് സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശിക്കുന്ന സ്റ്റിക്കറുകൾ പതിക്കണം. സുബ്ഹി നമസ്കാരത്തിനുശേഷം പള്ളി തുറക്കും. ഈദ് നമസ്കാരത്തിന് അരമണിക്കൂർ മുമ്പ് സ്പീക്കറിലൂടെ തക്ബീറുകൾ തുടങ്ങാമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.