പ്രവാസി മനസ്സറിഞ്ഞ് ഷാർജയിൽ ഷാഫി പറമ്പിൽ
text_fieldsകോവിഡ് അഴിമതിയിൽ ശൈലജക്കെതിരെ പ്രതികരണം
ദുബൈ: കോവിഡ് കാലത്തെ അഴിമതി ആരോപണത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ പ്രതികരണവുമായി വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ആരോപണം ആക്ഷേപമാക്കി കോൺഗ്രസ് മാറ്റിയിട്ടില്ലെന്നും വിഷയത്തിൽ ഗൗരവപരമായ ചോദ്യങ്ങളുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രവാസികളുടെ വോട്ട് തേടി ഗൾഫിൽ പര്യടനം നടത്തുന്നതിനിടെ ഷാർജയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈലജയുടെ സ്ഥാനത്ത് താനോ മറ്റ് യു.ഡി.എഫ് സ്ഥാനാർഥിയോ ആയിരുന്നെങ്കിൽ സി.പി.എം അതിനെ എങ്ങനെ പ്രചാരണായുധമാക്കിയേനെയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കോവിഡ് അഴിമതിയുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടന്നുവരുകയാണ്. തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ട്. അവർ നേരിടുന്ന പ്രശ്നങ്ങളിൽ സജീവമായി ഇടപെടും.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന ആരെ സഹായിക്കാനാണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. വോട്ടുമറിക്കാനുള്ള സാധ്യത തേടലാണ് അത്. വടകരയിൽ അത് വിലപ്പോകില്ലെന്നും ഷാഫി പറഞ്ഞു. ഷാർജയിൽ എത്തിയ ഷാഫിക്ക് കോൺഗ്രസ് പോഷക സംഘടനയായ ഇൻകാസിന്റെയും ലീഗ് സംഘടനയായ കെ.എം.സി.സിയുടെയും നേതൃത്വത്തിൽ ഗംഭീര വരവേൽപാണ് ഒരുക്കിയിരുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.