സ്നേഹച്ചിറകിലേറി ഷാഫി നാട്ടിലേക്ക്; തുടരണം ഈ കരുതൽ
text_fieldsദോഹ: ഈ അതിജീവനപോരാട്ടത്തിൽ ഷാഫിക്കും കൂട്ടുകാർക്കും നാട്ടുകാർക്കും തോറ്റുകൂടാ... ആശുപത്രിക്കിടക്കയിൽ വെറുമൊരു ശരീരമായി കിടന്ന യുവാവിനെയും വഹിച്ച് ഖത്തർ എയർവേസ് വിമാനം ഇന്ന് രാത്രി ദോഹയിൽനിന്ന് കൊച്ചിയിലേക്ക് പറന്നുയരുേമ്പാൾ പ്രതീക്ഷയോടെ ഒരു കുടുംബവും നാടും ഒരുപറ്റം മനുഷ്യസ്നേഹികളുമുണ്ട്.
ഖത്തറിലെ ഹമദ് ആശുപത്രിയിൽ എട്ടു മാസമായി ചികിത്സയിലായിരുന്ന കുമരനെല്ലൂർ എൻജിനീയർ റോഡ് സ്വദേശി മുഹമ്മദ് ഷാഫിയെന്ന 38കാരൻ അതിജീവനത്തിനായി പോരാട്ടത്തിലായിരുന്നു. വെൻറിലേറ്ററുകളും മരുന്നുകളുമായി തുടരുന്ന അവെൻറ ചെറുത്തു നിൽപിനൊടുവിലാണ് നാട്ടുകാരും സുഹൃത്തുക്കളും ഒന്നിച്ചപ്പോൾ ഈ അവസ്ഥയിലും നാട്ടിലേക്കുള്ള യാത്ര യാഥാർഥ്യമാവുന്നത്.
ഖത്തറിൽ ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷാഫിയെ കഴിഞ്ഞ മാർച്ചിലാണ് വിധി വീഴ്ത്തുന്നത്. നെയ്തുകൂട്ടിയ സ്വപ്നങ്ങളിലേക്ക് ജീവിതം പതുക്കെ കരപിടിപ്പിക്കുന്നതിനിടയിൽ കോവിഡ് മഹാമാരി ഷാഫിയെയും പിടികൂടി. ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈ ചെറുപ്പക്കാരനോട് വിധി അൽപം ക്രൂരമായിതന്നെ പെരുമാറി. കോവിഡ് രൂക്ഷമായി െവൻറിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ രണ്ടു തവണ ഹൃദയാഘാതമെത്തിയതോടെ നില വഷളായി. ആരോഗ്യ നില അതിഗുരുതരാവസ്ഥയിലായി.
സംസാരശേഷിയും ഓർമയും നഷ്ടമായി ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിനിടയിലെ നാളുകൾ.
ഈ ഘട്ടത്തിലാണ് ഷാഫിയെ നാട്ടിലെത്തിച്ച് കുടുംബാംഗങ്ങളുടെകൂടി സാമീപ്യത്തിൽ വിദഗ്ധ ചികിത്സ നൽകാൻ സുഹൃത്തുക്കൾ തീരുമാനിക്കുന്നത്. പക്ഷേ, വെൻറിലേറ്റർ സഹായത്തോടെ ജീവിക്കുന്ന ചെറുപ്പക്കാരെൻറ യാത്ര വെല്ലുവിളിയായി.
വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ടീമിെൻറയും സംഘത്തിനൊപ്പമേ യാത്ര സാധ്യമാവൂ. വിമാനത്തിനുള്ളിൽ ചെറു ആശുപത്രി സംവിധാനവും ഒരുക്കണം.
എല്ലാവരുടെയും വിമാനടിക്കറ്റും മരുന്നുകളും വെൻറിലേറ്റർ സംവിധാനങ്ങളും ഉൾപ്പെടെ ഭീമമായ സംഖ്യയായിരുന്നു നിർദേശിച്ചത്.
ഇതുകാരണം നാട്ടിലേക്കുള്ള യാത്രയും അനിശ്ചിതമായി വൈകി.
പിന്നീടായിരുന്നു ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകരുടെയും ഹമദ് ആശുപത്രി അധികൃതരുടെയും കെ.എം.സി.സി പ്രവർത്തകരുടെയും ഇടപെടലുണ്ടാവുന്നത്. ഒടുവിൽ െചലവ് 20,000 റിയാലിലെത്തി. പക്ഷേ, അതും സമാഹരിക്കൽ വെല്ലുവിളിയായിരുന്നു. അപ്പോഴാണ് ഷാഫികൂടി അംഗമായ ഖത്തറിലെ കുമരനല്ലൂർ മഹല്ല് കമ്മിറ്റി പ്രവർത്തകർ സ്പോൺസറെ ബന്ധപ്പെടുന്നത്. അദ്ദേഹം 5000 റിയാൽ വാഗ്ദാനം ചെയ്തു. ബാക്കിയുള്ള തുക മഹല്ല് കമ്മിറ്റിയിലെ അംഗങ്ങളും ഖത്തറിലെ മനുഷ്യസ്നേഹികളും ഒന്നിച്ചപ്പോൾ സാധ്യമായി. ഒടുവിൽ ഷാഫി ഇന്ന് നാട്ടിലേക്ക് വിമാനം കയറുകയാണ്.
കുടുംബത്തിനായി കണ്ട സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് ഒന്നുമറിയാതെയാണ് ഈ യുവാവിെൻറ മടക്കം. പ്രിയതമെൻറ ദുരിതവാർത്തകൾ അറിഞ്ഞ് നെഞ്ചുതകർന്നിരിക്കുന്ന ഭാര്യ ഷമീറയും, ബാപ്പയെ കാത്തിരിക്കുന്ന 15ഉം ഏഴും വയസ്സുള്ള പെൺകുട്ടികൾക്കും പ്രിയപ്പെട്ട മകെൻറ വിധിയോർത്ത് കണ്ണീർവാർക്കുന്ന മാതാപിതാക്കൾക്കും ഒരേയെരു പ്രാർഥനയേ ഉള്ളൂ. അവൻ ആരോഗ്യത്തോടെ തങ്ങൾക്കൊപ്പം ചേരണം. എട്ടുമാസമായി ഹമദിലെ ചികിത്സ മുഴുവൻ സൗജന്യമായിരുന്നു.
പക്ഷേ, നാട്ടിൽ ഇനി വിദഗ്ധ ചികിത്സകൾക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വരും. അതിന് എവിടെനിന്ന് പണം കണ്ടെത്തും എന്ന ആശങ്കയിലാണ് ഇതുവരെ സഹായിച്ച ഖത്തർ കുമരനല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റി ഭാരവാഹികൾ. എങ്കിലും അവർ ഷാഫിക്കൊപ്പമുണ്ട്. എന്ത് വിലകൊടുത്തും നാട്ടുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് അവർ. ചൊവ്വാഴ്ച പുലർച്ചെയോടെ കൊച്ചിയിലെത്തുന്ന മുഹമ്മദ് ഷാഫിയെ നേരിട്ട് പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ഏറ്റവും മികച്ച ചികിത്സനൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ചികിത്സക്കും കുടുംബത്തിെൻറ മുന്നോട്ടുള്ള ജീവിതത്തിനും പണം തടസ്സമാവരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഖത്തറിലെയും നാട്ടിലെയും സുമനസ്സുകളുടെ സഹായം വിദഗ്ധ ചികിത്സക്കായി ജനറൽ സെക്രട്ടറി ടി.പി മുഹമ്മദലിയും പ്രസിഡൻറ് ടി. അബ്ദുറഹ്മാനും ആവശ്യപ്പെടുന്നു. ASHARAF PEEDIKA Account Number : 4770-515718-001 IBAN : QA87CBQA000000004770515718001 എന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായങ്ങൾ ആവശ്യപ്പെടുകയാണ് കുമരനല്ലൂർ മഹല്ല് കമ്മിറ്റി പ്രവർത്തകർ. വിശദവിവരങ്ങൾക്ക് 7020 7065 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.