യു.എ.ഇക്ക് വിജയഹാരം; ഒറ്റക്കാലിൽ ജബൽ ജൈസിലേക്ക് നടന്നുകയറി ഷഫീഖ്
text_fieldsറാസൽഖൈമ: ദേശീയ ദിനത്തെ വരവേൽക്കുന്ന യു.എ.ഇക്ക് അഭിവാദ്യമര്‍പ്പിച്ച് റാക് ജൈസ് മലനിരയുടെ ഉച്ചിയിൽ ഒറ്റക്കാലിൽ നടന്നുകയറി മലപ്പുറം ചേളാരി സ്വദേശി ഷഫീഖ് പാണക്കാടൻ. നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്ക് അധികൃതർ നൽകുന്ന കരുതലാണ് വേറിട്ട രീതിയിലുള്ള ദേശീയദിന ഉപഹാരം യു.എ.ഇക്ക് സമർപ്പിക്കാനുള്ള തന്റെ പ്രേരണയെന്ന് ഷഫീഖ് പാണക്കാടൻ പറഞ്ഞു. നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി സംഘടിപ്പിച്ച ഫുട്ബാളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ഷഫീഖ്.
റാക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു ഷഫീഖിന്റെ മലകയറ്റം. മലയടിവാരത്ത് പ്രഭാത പ്രാർഥന നിർവഹിച്ച് ആറോടെ ആരംഭിച്ച നടത്തം 24 കി.മീ. പിന്നിട്ട് 2.30നാണ് ജൈസ് മലനിരയുടെ ഉച്ചിയിലെത്തിയത്. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ എട്ടരമണിക്കൂർ ദൈർഘ്യമേറിയ ഷഫീഖിന്റെ കാൽനട പർവതാരോഹണത്തിനൊപ്പമുണ്ടായിരുന്നു.
റാക് ഇക്കണോമിക് വകുപ്പ് ചെയർമാൻ ശൈഖ് ഖായ്ദ് ബിനു മുഹമ്മദ് ആൽ ഖാസിമി, പി.കെ. കരീം, ബഷീർകുഞ്ഞ്, താജുദ്ദീൻ മര്‍ഹബ, അസീസ് കൂടല്ലൂർ, അബ്ദുല്ലക്കുട്ടി പള്ളിക്കര, റഹീം ജുൽഫാർ, അറഫാത്ത് അണങ്കൂർ, അയൂബ് കോയാക്കാൻ, റസാഖ് ചെനക്കൽ എന്നിവർ സംബന്ധിച്ചു. യു.എ.ഇ കെ.എം.സി.സി, മലബാര്‍ ഗോള്‍ഡ്, ഫോറെല്‍ ഗ്രൂപ്, തിലാല്‍ ഗ്രൂപ്, അല്‍ അറബിയ എന്നിവയുടെ സഹകരണത്തോടെയായിരുന്നു സമുദ്രനിരപ്പിൽനിന്ന് 1400 മീ. ഉയരെയുള്ള ഷഫീഖിന്റെ ജബൽ ജൈസ് കീഴടക്കൽ. ഇന്ത്യന്‍ ടീമിനുവേണ്ടി ഇറാനില്‍ നടന്ന ആംപ്യൂട്ടി ഫുട്ബാൾ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് ഷഫീഖ് യു.എ.ഇയിലെത്തിയത്. ഭിന്നശേഷിക്കാര്‍ക്കായി സാമൂഹികനീതി വകുപ്പ് 2021ല്‍ ഏര്‍പ്പെടുത്തിയ കേരള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. അതേവര്‍ഷം സംസ്ഥാന നീന്തല്‍ ചാമ്പ്യനുമായിരുന്നു.
15 കി.മീ. ദൂരം വയനാട് ചുരം ഷഫീഖ് ഒറ്റക്കാലില്‍ നടന്നുകയറിയിട്ടുണ്ട്. നിലവില്‍ മലപ്പുറം ജില്ല ഡി.എ.പി.എല്‍ (ഭിന്നശേഷിക്കാരുടെ പീപ്ള്‍സ് ലീഗ്) ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു.വാഹനാപകടത്തിലാണ് ഷഫീഖിന് കാൽ നഷ്ടമായത്. ശാസ്ത്രക്രിയയിലൂടെ മുട്ടിനു മുകളില്‍ മുറിച്ചുമാറ്റുകയായിരുന്നു. ഇടതുകാല് നിലത്തൂന്നി രണ്ട് വടികളുടെ സഹായത്തോടെയാണ് ഷഫീഖ് നടക്കുന്നത്. ചേളാരി പടിക്കല്‍ പാണക്കാടന് അബൂബക്കറിന്റെയും കുഞ്ഞാത്തുവിന്റെയും മകനാണ്. ഭാര്യ: റഹ്മത്തുല്‍ അര്‍ശ. മകള്‍: ആയിഷ ഹിന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.