സ്കൂൾ ടോപ്പർമാർക്ക് ശൈഖ് മുഹമ്മദിന്റെ സർപ്രൈസ്
text_fieldsദുബൈ: അപ്രതീക്ഷിതമായ ഒരു സമ്മാനം, അതും ആരും കൊതിക്കുന്ന ഒരാളിൽ നിന്ന്, ഇതിൽപരം സന്തോഷം യു.എ.ഇയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് കിട്ടാനില്ല. ഈ വർഷം സ്കൂൾ ടോപ്പർമാരായ എട്ട് വിദ്യാർഥികൾക്കാണ് കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വക അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.
അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ അഭിനന്ദന സർട്ടിഫിക്കറ്റും കാഷ് പ്രൈസും ഒപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും അടങ്ങിയതായിരുന്നു ഗിഫ്റ്റ്. ഒരാഴ്ച മുമ്പ് ദുബൈ മീഡിയ ഓഫിസിൽ നിന്ന് വിളിച്ച് രാജകീയമായ ഒരു സമ്മാനം അയക്കുന്നതായി ഇവരെ അറിയിച്ചിരുന്നെങ്കിലും ഇത്ര മനോഹരമായ സമ്മാനമാണെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
മറിയം ഉബൈദ് റാശിദ് ഹമദ് അലി അസ്സാബി, അബ്ദുല്ല മുഹമ്മദ് മഖിമർ ആരിഫ് മഖിമർ, ആലിയ ഹസൻ ഹസൻ ദർവിഷ്, വലീദ് ഖാലിദ് അൽസാദി, വാർദ് ഉമർ മഹ്മൂദ്, മായിദ് റാശിദ് ഖലീഫ ഉബൈദ് അൽമൗദി, നദ സുലൈമാൻ മുഹമ്മദ് അഹമ്മദ് അൽമാസ്മി, ആലിസിയ ഹംദാൻ റാശിദ് അബ്ദുല്ല അൽശംസി എന്നിവരാണ് ഭരണാധികാരിയിൽ നിന്ന് സമ്മാനം ലഭിച്ച വിദ്യാർഥികൾ.
‘നിങ്ങളുടെ മികവിനെ അഭിനന്ദിക്കുന്നു, ഈ നേട്ടത്തിനും സന്തോഷത്തിനും കാരണക്കാരായ നിങ്ങളുടെ കുടുംബങ്ങളെ കൂടാതെ നിങ്ങൾക്ക് ബിരുദം സമ്മാനിച്ച രാജ്യത്തിനും അഭിനന്ദനം.
നിങ്ങളുടെ നേട്ടം രാജ്യത്ത് വളർച്ചയുടെയും സമൃദ്ധിയുടെയും പ്രക്രിയയിൽ ഒരു പുതിയ ലോകം കൂട്ടിച്ചേർക്കും’-ശൈഖ് മുഹമ്മദിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. സമ്മാനമായി ലഭിച്ച തുക കാർ വാങ്ങാനും തുടർ പഠനത്തിനുമൊക്കെ ഉപയോഗിക്കാനുള്ള ആലോചനയിലാണ് വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.