തൊഴിലാളികൾക്ക് ശൈഖ് മുഹമ്മദിന്റെ സ്നേഹചുംബനം; വൈറലായി വിഡിയോ
text_fieldsഅബൂദബി: ആ വിഡിയോ കണ്ടവരെല്ലാം ചോദിച്ചു, ഇങ്ങനെയും ഒരു രാജ്യത്തിന്റെ പ്രസിഡന്റോ? കഴിഞ്ഞദിവസം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചോദ്യമായിരുന്നു അത്. അബൂദബിയിലെ ഒരു വിമാനത്താവളത്തിൽ സാധാരണ തൊഴിലാളികളെ ചേർത്തുപിടിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും സ്നേഹചുംബനം നൽകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വിഡിയോയാണ് നെറ്റിസൺസിനെ അതിശയിപ്പിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സൂക് യോൽ അടക്കം പലരുമായും കൂടിക്കാഴ്ചയുടെ തിരക്കിലായിരുന്ന ദിവസം തന്നെയാണ് ജോലിയിൽ മുഴുകിയ തൊഴിലാളികളെ ചേർത്തുപിടിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയത്.
മൂന്ന് ഇമാറാത്തി തൊഴിലാളികൾ അത്ഭുതത്തോടെയും ബഹുമാനത്തോടെയും പ്രസിഡന്റിന് അരികിൽ നിൽക്കുമ്പോൾ, ഏറെ അടുപ്പമുള്ള ആളുകളെന്നപോലെയാണ് അവരെ ശൈഖ് മുഹമ്മദ് ചേർത്തുപിടിക്കുന്നത്. തിങ്കളാഴ്ച അബൂദബിയിലെ അൽബറക ആണവോർജ നിലയത്തിലെ സന്ദർശനത്തിനിടെയാണ് ഹൃദയഹാരിയായ സംഭവമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി. അൽബറക ഊർജനിലയത്തിന്റെ യൂനിറ്റ്-3ന്റെ പൂർത്തീകരണം ആഘോഷിക്കാനായി ദക്ഷിണ കൊറിയൻ പ്രസിഡന്റിനും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ഒപ്പമാണ് ശൈഖ് മുഹമ്മദ് എത്തിച്ചേർന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രസിഡന്റിന്റെ ലാളിത്യത്തെയും ജനങ്ങളോടുള്ള സ്നേഹത്തെയും പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.