കമന്ററി ബോക്സിലെ ഷെയ്ൻ വോൺ
text_fieldsദുബൈ: ഇടക്കിടെ യു.എ.ഇയിലെ സന്ദർശകനായിരുന്നു ഷെയ്ൻ വോൺ. ഐ.പി.എൽ ടീമുകൾക്കൊപ്പവും ഐ.സി.സിയിലും കമന്ററി ബോക്സിലുമെല്ലാം ഷെയ്ൻ വോൺ യു.എ.ഇയിൽ മിന്നി മാഞ്ഞിരുന്നു. ലോകക്രിക്കറ്റിലെ പ്രശസ്തമായ സചിൻ-വോൺ 'യുദ്ധം' അരങ്ങേറിയത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു. ആ മത്സരം നേരിൽ കണ്ടയാളാണ് പ്രമുഖ കളിയെഴുത്തുകാരനും കമന്റേറ്ററുമായ കെ.ആർ. നായർ. ഷെയ്ൻ വോണിനൊപ്പം കമന്ററി ബോക്സിലും പുറത്തും പങ്കിട്ട നല്ല നിമിഷങ്ങളെ കുറിച്ച് കെ.ആർ. നായർ ഓർത്തെടുക്കുന്നു...
'വിവാദങ്ങളെ കുറിച്ച് ചോദിച്ചാൽ പോലും തമാശയായി മറുപടി പറയുന്നയാളായിരുന്നു ഷെയ്ൻ വോൺ. കളത്തിനകത്തെ വോണിനെ പെർഫെക്ട് എന്ന് പറയാമെങ്കിലും ഗ്രൗണ്ടിന് പുറത്ത് അദ്ദേഹം വിവാദ നായകനായിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ വിവാദത്തിൽപെടുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു-'മറ്റുള്ളവരേക്കാൾ കൂടുതൽ തെറ്റ് ചെയ്യുന്നയാളാണ് ഞാൻ. പക്ഷേ, എന്റെ തെറ്റുകൾ അത്ര വലുതായി മറ്റുള്ളവർ കാണാറില്ല'.
ആസ്ട്രേലിയ-പാകിസ്താൻ പരമ്പര ഉൾപ്പെടെ പല സീരീസിലും അദ്ദേഹം ദുബൈയിലെ കമന്ററി ബോക്സിലുണ്ടായിരുന്നു. സ്വന്തം നിലവാരം വെച്ചാണ് അദ്ദേഹം കമന്ററിയിൽ മറ്റുള്ളവരെ വിലയിരുത്തിയിരുന്നത്. ഒരിക്കൽ പോലും ലെഗ്സ്പിന്നർമാരെ താഴ്ത്തി പറയുന്നത് കേട്ടിട്ടില്ല. അവരെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. റാശിദ് ഖാനെ പോലുള്ള താരങ്ങൾക്ക് ഇത് അഞ്ച് വിക്കറ്റ് കിട്ടുന്നതിന് തുല്യമായിരുന്നു.
ക്രിക്കറ്റ് കഴിഞ്ഞാൽ ഉടൻ പാർട്ടിയുമായി അടിച്ചുപൊളിക്കും. അതായിരിക്കാം അദ്ദേഹത്തെ ആസ്ട്രേലിയൻ ടീമിന്റെ പരിശീലകനാക്കാതിരിക്കാൻ കാരണം. ക്രിക്കറ്റ് എല്ലായിടത്തും വളരണമെന്ന ആഗ്രഹമുണ്ടായിരുന്നു. അമേരിക്കയിൽ സചിനും വോണും ചേർന്ന് സംഘടിപ്പിച്ച ക്രിക്കറ്റിന് അനുമതി തേടി ഐ.സി.സിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ കണ്ടിരുന്നു. ക്രിക്കറ്റിന് പ്രചാരമുള്ള നാട്ടിൽ കളി നടത്തിയാൽ പോരെ എന്ന ചോദ്യത്തിന് 'അമേരിക്കയിലും ക്രിക്കറ്റ് വളരണം' എന്നായിരുന്നു മറുപടി. പലതവണ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. തടി കൂടുന്നതിനെ കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ തടി കൂടിയാലും ഞാൻ ആരോഗ്യവാനാണ് എന്നായിരുന്നു മറുപടി. ഒക്ടോബറിലാണ് അവസാനമായി കണ്ടത്.
അന്ന് ശ്യാം ഭാട്ടിയ മ്യൂസിയം അദ്ദേഹത്തിനൊപ്പം സന്ദർശിച്ചു. ബൗളിങ്ങിനെ കുറിച്ച് ആര് സഹായം ചോദിച്ചാലും ചെയ്തുകൊടുക്കും. ആര് വിളിച്ചാലും പോകും.
ഷാർജ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച സചിൻ-വോൺ പോരാട്ടം നടന്നപ്പോൾ മീഡിയ ബോക്സിൽ ഞാനുമുണ്ടായിരുന്നു. അന്ന് ജയിച്ചത് സചിനാണെങ്കിലും വോൺ തോറ്റിരുന്നില്ല. ഏറ്റവും മികച്ച ഡെലിവറികൾ തന്നെയാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. സചിൻ അതിനെ വിദഗ്ധമായി മറികടന്നു എന്ന് മാത്രം. അതുകൊണ്ടാണ് വോണിന്റെ ദുസ്വപ്നമായി ഈ മത്സരം കാലങ്ങളോളം അദ്ദേഹത്തെ പിന്തുടർന്നത്. ജീനിയസ് എന്ന് പൂർണമായും വിളിക്കാൻ കഴിയുന്ന താരമാണ് വോൺ. ബൗളിങ് എന്ന കല അത്രമേൽ ഭംഗിയായി ചെയ്തയാളാണ്.
വോണിനെ കാണാൻ കളി കണ്ട കാലം-സോണി ചെറുവത്തൂർ
'ആസ്ട്രേലിയൻ ടീം കൊച്ചിയിൽ എത്തിയപ്പോൾ പരിശീലനം കാണാൻ പോകാനുള്ള പ്രധാന കാരണം ഷെയ്ൻ വോണായിരുന്നു. കേട്ടറിഞ്ഞ ഇതിഹാസത്തെ നേരിൽ കാണാനുള്ള ആകാംക്ഷയായിരുന്നു. എപ്പോഴാണ് ഫ്ലിപ്പർ വരുന്നതെന്ന് സൂക്ഷ്മമായി നോക്കി നിന്നു. ക്രിക്കറ്റ് ആസ്വദിക്കുന്ന എല്ലാവരുടെയും സ്വപ്നതാരമാണ് വോൺ. ഏഷ്യക്ക് പുറത്ത് ഇത്രമികവോടെ പന്തെറിഞ്ഞ സ്പിന്നർമാർ അപൂർവമാണ്. നൂറ്റാണ്ടിന്റെ പന്ത് തന്നെ ഇതിന് ഉദാഹരണം'
സോണി ചെറുവത്തൂർ
മുൻ കേരള രഞ്ജി ടീം കാപ്റ്റൻ, പരിശീലകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.