കുതിപ്പ് തുടർന്ന് ഷാർജ വിമാനത്താവളം
text_fieldsഷാർജ: 2024ന്റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 12.4ശതമാനം വളർച്ച രേഖപ്പെടുത്തി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷം ആദ്യ ആറുമാസങ്ങളിൽ 83 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. 52,702 വിമാന സർവീസുകൾ ഓപ്പറേറ്റ് ചെയ്ത ഇക്കാലയളവിൽ സർവീസുകളുടെ എണ്ണത്തിലും 12.2 ശതമാനം വളർച്ചയുണ്ടാക്കി. 97,000 ടൺ കാർഗോയും കൈകാര്യം ചെയ്തു. ഇതുവഴി കാർഗോ നീക്കത്തിൽ 40.7 ശതമാനം വളർച്ചയുണ്ടായി.
മേഖലയിലെ യാത്രക്കാരുടെ പ്രധാനപ്പെട്ട യാത്രാകേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് നേട്ടമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം, ഏറ്റവും പുതിയ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, പാരിസ്ഥിതിക സുസ്ഥിരത മാനദണ്ഡങ്ങൾ പാലിക്കൽ, യാത്രക്കാരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് സംയോജിതവും നിലവാരമുള്ളതുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നിവയാണ് നേട്ടത്തിന് വഴയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രവർത്തനങ്ങൾ, ടൂറിസം, ബിസിനസ് മേഖല എന്നിവയെ സഹായിക്കുന്ന ഫലപ്രദവുമായ ഗേറ്റ്വേയായി ഷാർജ വിമാനത്താവളം പ്രവർത്തിക്കുന്നുവെന്ന് അലി സാലിം അൽ മിദ്ഫ ചൂണ്ടിക്കാട്ടി. എയർ കാർഗോ വിമാനങ്ങൾ ഉൾപ്പെടെ 26 എയർലൈനുകൾ വഴി ഷാർജ എയർപോർട്ട് സർവീസ് നടത്തുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 100 ആയി ഉയർന്നിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും ചരക്ക് സേവനങ്ങളുടെ ഗുണഭോക്താക്കൾക്കും മികച്ച സേവനങ്ങൾ നൽകുന്ന എല്ലാ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ ടീമംഗങ്ങളെയും ചെയർമാൻ അഭിനന്ദിച്ചു.
ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്ന 120കോടി ദിർഹമിന്റെ പദ്ധതി അധികൃതർ ആസൂത്രണം ചെയ്തിട്ടുണ്ട്. ടെർമിനലിന്റെ വിപുലീകരണം വഴി ഓരോ വർഷവും രണ്ടുകോടിയിലേറെ യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷി വിമാനത്താവളത്തിന് കൈവരും. 190,000 ചതുരശ്ര മീറ്ററിൽ വ്യാപിക്കുന്ന വിപുലീകരണം 2027ഓടെ പൂർത്തിയാക്കുന്ന പദ്ധതിയുടെ ഭാഗമാണ്.
വിപുലീകരണം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവരുടെയും വന്നിറങ്ങുന്നവരുടെയും മേഖലകൾ വ്യത്യസ്ത ഭാഗങ്ങളിലാകും. അതോടൊപ്പം മൊത്തം വിമാനത്താവളത്തിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുകയും ചെയ്യും. സെൽഫ് ചെക്-ഇൻ കിയോസ്കുകൾ, ഇലക്ട്രോണിക് ബോർഡിങ് ഗേറ്റുകൾ, വിപുലമായ വിശ്രമ സ്ഥലം, ഭക്ഷണ സൗകര്യങ്ങൾ, ട്രാനസിറ്റ് യാത്രക്കാർക്കുള്ള ഹോട്ടൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.