എട്ട് ആമകൾക്ക് പുതുജീവൻ; കടലിലേക്ക് തിരിച്ചയച്ച് ഷാർജ അക്വേറിയം
text_fieldsഷാർജ: അപൂർവ ഇനത്തിൽപെട്ട എട്ട് ആമകൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ അവസരമൊരുക്കി ഷാർജ അക്വേറിയം അധികൃതർ. ജീവന് ഭീഷണിയായ സാഹചര്യത്തിൽ പ്രദേശിക മത്സ്യത്തൊഴിലാളികളാണ് ആമകളെ കണ്ടെത്തിയത്. വലുതും സാമാന്യം വലുപ്പമുള്ളതുമായ ആമകളുടെ ആരോഗ്യം അപകടകരമായ അവസ്ഥയിലാണെന്ന് മനസ്സിലായതോടെ ഷാർജ അക്വേറിയത്തിന് കൈമാറുകയായിരുന്നു.
വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള അക്വേറിയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ആമകളെ ഏറ്റെടുത്തത്. പരിക്കേറ്റ ആമകൾക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കി ആരോഗ്യം വീണ്ടെടുത്തശേഷം കഴിഞ്ഞ ദിവസം കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഷാർജ അൽ ഹംറിയ ബീച്ചിലാണ് ആമകളെ തുറന്നുവിട്ടത്. പ്രദേശികമായി ‘ഷെരി’ എന്നറിയപ്പെടുന്ന പച്ച ആമകളാണ് പ്രധാനമായും കൂട്ടത്തിലുണ്ടായിരുന്നത്.
വംശനാശ ഭീഷണി നേരിടുന്ന ഇവക്ക് 1.2 മീ. വരെ വളരാൻ സാധിക്കും. പുറംതോടിന് പച്ച നിറമാണിതിന്. 70 വർഷവും കൂടുതലും ആയുസ്സ് ഇവക്ക് സാധാരണ ലഭിക്കാറുണ്ട്. ‘അഹംസ’ എന്നറിയപ്പെടുന്ന പരുന്ത് ആമകളും രക്ഷപ്പെടുത്തിയവയിൽ ഉൾപ്പെടും. വ്യത്യസ്തമായ കൊക്ക് പോലെയുള്ള വായാണ് ഇവക്കുള്ളത്.
ഒരു മീറ്ററിൽ കൂടുതൽ നീളത്തിൽ വളരാനും സാധാരണയായി 50 വർഷത്തോളം ജീവിക്കാനും കഴിയുന്നവയാണിത്. രക്ഷപ്പെടുത്തിയ ആമകൾ അഞ്ചുമുതൽ 30 വയസ്സ് വരെ മാത്രം പ്രായമുള്ളവയായിരുന്നു.ഷാർജ മ്യൂസിയം അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ‘ലോക ആമ ദിന’മായ ചൊവ്വാഴ്ച ആമകളെ തുറന്നുവിട്ടത്. ഷാർജയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരായ കുട്ടികളും ഉൾപ്പെടെ, ജനപ്രതിനിധികളും മറ്റും ചടങ്ങിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.