കലകൾ പൂത്തുലയുന്ന ഷാർജ ആർട്ട് മ്യൂസിയം
text_fieldsകലകളെ പരിപോഷിപ്പിക്കുന്നതിൽ രാജ്യത്തിന്റെ സാംസ്കാരിക കേന്ദ്രമായ ഷാർജയുടെ അചഞ്ചലമായ പ്രതിബദ്ധതക്കുള്ള തെളിവാണ് ഷാർജ ആർട്ട് മ്യൂസിയം. അറബ് നാഗരിക-സാംസ്കാരിക വൈവിധ്യങ്ങളെ അതിമനോഹരമായിട്ടാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അറബ് കലകൾ തനിമകൾ തെല്ലും ചോരാതെ ഇവിടെ അവധിയില്ലാതെ ആവിഷ്ക്കരിക്കുന്നു. ഗോത്ര ജീവിതത്തിൽ തന്നെ വലിയ പ്രാധാന്യം കലകൾക്ക് കൽപ്പിച്ചിരുന്നവരാണ് ഇമാറാത്തികൾ. പരമ്പരാഗത ആഘോഷങ്ങളുടെ വേദികളിൽ എത്തിയാൽ പൗരാണിക ഇമാറാത്തി കലകൾ കാഴ്ച്ചകൾക്ക് ചുറ്റും വസന്തങ്ങൾ തീർക്കുന്നത് അനുഭവിച്ചുതന്നെ അറിയണം.
കല എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനത്തിന് അനുസൃതമായാണ് 1997ൽ കലാകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നതക്കൊപ്പം ആധുനിക കലാപരമായ ആവിഷ്കാരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പ്രാദേശിക കലാരംഗത്തെ പാരമ്പര്യവും പുതുമയും തമ്മിലുള്ള ചലനാത്മകമായ പരസ്പരബന്ധം ഉയർത്തിക്കാട്ടുക എന്നതാണ് മ്യൂസിയത്തിന്റെ പ്രാഥമിക ലക്ഷ്യം. ആർട്സ് മ്യൂസിയത്തിൽ സന്ദർശനം നടത്തിയാൽ ഇക്കാര്യം ബോധ്യമാകും. ഓരോ പ്രാവശ്യവും ഇവിടെ വരുമ്പോൾ വസന്തങ്ങൾ പുതിയ ഉടയാടകൾ അണിഞ്ഞായിരിക്കും സ്വീകരിക്കുക.
സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ മാത്രമല്ല, പ്രാദേശിക കല, സാംസ്കാരിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ ആധുനിക കലാരൂപങ്ങളും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ ചിത്രങ്ങളും പ്രദർശിപ്പിച്ചുകൊണ്ട്, പൊതുജനങ്ങൾക്കിടയിൽ കലയെ പരിപോഷിപ്പിക്കുന്നതിൽ മ്യൂസിയം വഹിക്കുന്ന പങ്ക് നിർണായകമാണ്. സമൂഹത്തെ സമ്പന്നമാക്കുന്ന സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ മാത്രമല്ല, ആകർഷകവും ആസ്വാദ്യകരവുമായ വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിലും മ്യൂസിയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ അനുഭവിച്ചറിയിക്കാൻ ഗണ്യമായ സംഭാവന നൽകാനും ഷാർജ ആർട്ട് മ്യൂസിയം വലിയ സ്വാധീനം ചെലുത്തിയെന്ന് ക്യൂറേറ്റർ ആലിയ അൽ മുല്ല വ്യക്തമാക്കി.
വൈവിധ്യമാർന്ന പ്രമേയങ്ങളും യുഗങ്ങളും, ക്ലാസിക്കൽ ഇസ്ലാമിക് കല മുതൽ ആധുനികവും സമകാലികവുമായ സൃഷ്ടികൾ വരെ ഉൾപ്പെടുന്ന നൂറിലധികം പ്രദർശനങ്ങൾക്ക് മ്യൂസിയം ആതിഥേയത്വം വഹിച്ചു കൊണ്ടിരിക്കുന്നു. അറബ് ലോകത്തെ പ്രമുഖ കലാകാരന്മാരുടെ ആജീവനാന്ത നേട്ടങ്ങൾ ആഘോഷിച്ച് തുടങ്ങിയ 2010 മുതൽ ആരംഭിച്ച വാർഷിക പ്രദർശനമായ ദി ലാസ്റ്റിങ് ഇംപ്രഷൻസ് സീരീസ് മ്യൂസിയത്തിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിൽ ഒന്നാണ്. സൗന്ദര്യമൂല്യങ്ങൾക്കപ്പുറം, ഓരോ കലാസൃഷ്ടിയും ഒരു കഥ പറയുന്നു, കലാകാരന്റെ പശ്ചാത്തലം, മുൻകാല അനുഭവങ്ങൾ, പ്രദേശത്തിന്റെ സങ്കീർണമായ ചരിത്രത്തെക്കുറിച്ചുള്ള സാമൂഹിക വ്യാഖ്യാനം എന്നിവ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ഗാലറികളാണ് ഇതിന്റെ പുണ്യം.
കലാ രംഗത്തെ അതികായന്മാരുടെ നിപുണതയും നൈസർഗികതയും സംരക്ഷിക്കുന്നതിൽ മ്യൂസിയത്തിന്റെ പങ്ക് അൽ മുല്ല ഊന്നിപ്പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്നും അതിനപ്പുറമുള്ള ഏറ്റവും പ്രശസ്തരായ ചില കലാകാരന്മാരെ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ശേഖരം മ്യൂസിയത്തിലുണ്ട്. ഓരോ കലാസൃഷ്ടിയും ഒരു കഥ പറയുന്നു, കലാകാരന്റെ പശ്ചാത്തലം, മുൻകാല അനുഭവങ്ങൾ, പ്രദേശത്തിന്റെ സങ്കീർണമായ ചരിത്രത്തെക്കുറിച്ചുള്ള സാമൂഹിക വ്യാഖ്യാനം എന്നിവ പ്രതിഫലിപ്പിക്കുന്ന അറബ് കലാകാരന്മാരായ ലൂയി കയ്യാലി, സലൂവ റൗദ ചൗസെയർ, ഇസ്മായിൽ ഫത്താഹ്, ഫായിഖ് ഹസ്സൻ തുടങ്ങിയ പ്രമുഖരുടെ സൃഷ്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന സ്ഥിരം പ്രദർശനമാണ് അതിന്റെ ഏറ്റവും പ്രശസ്തമായ ശേഖരങ്ങളിലൊന്ന്.
വിദ്യാഭ്യാസ പരിപാടികൾ, ശിൽപശാലകൾ, സംവേദനാത്മക ടൂറുകൾ എന്നിവയിലൂടെ കലാലോകവും പൊതുജനങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതിൽ ഷാർജ ആർട്ട് മ്യൂസിയം പ്രധാന പങ്കുവഹിച്ചു. 2023ൽ, 2,661ലധികം പേർ പങ്കെടുത്ത 138ലധികം വർക്ക്ഷോപ്പുകൾ ആരംഭിച്ചു. ഈ സംരംഭങ്ങൾ കലാലോകത്തെ പൊതുജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. പ്രൊഫഷണലും അമേച്വറും ആയ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും പൊതുജനങ്ങളുമായി അവരുടെ അറിവ് പങ്കിടുന്നതിനുമുള്ള ഒരു വേദിയായി മ്യൂസിയം മാറിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.