ഷാർജ പുസ്തകോൽസവം: വെളിച്ചം വിതറുന്ന അക്ഷര വസന്തം
text_fieldsഅറബ് മേഖലയിലെ സാംസ്കാരിക വസന്തമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. 1982ൽ അൽഖാനിലെ പഴയ വേൾഡ് എക്സ്പോ സെൻററിൽ മൊട്ടിട്ട അക്ഷര വസന്തം അൽതാവൂനിലെ ആധുനിക എക്സ്പോ സെൻററിലേക്ക് വളർന്ന് പന്തലിച്ചതോടെ, ലോകം ഷാർജ എന്ന പുസ്തകത്തിെൻറ താളുകളായി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അക്ഷര പൂരമാണ് ഇന്ന് ഷാർജ പുസ്തകോത്സവം. ആധുനിക ഷാർജയുടെ രാജശിൽപിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അക്ഷരങ്ങളോടുള്ള അടങ്ങാത്ത സ്നേഹവും വായനയോടുള്ള വാത്സല്യവുമാണ് ഈ നേട്ടത്തിന് നിദാനം.
അക്ഷരങ്ങളുടെ കൂഫിയ ചാർത്തിയ ഷാർജയെ, അംഗീകാരങ്ങളുടെ പരവതാനി വിരിച്ച് സ്വീകരിച്ച് ലോകം ആനയിക്കുന്ന അതിസുന്ദരമായ കാഴ്ചക്കാണ് വർത്തമാന കാലം സാക്ഷ്യം വഹിക്കുന്നത്. നബാത്തി കവിതയുടെ ഈരടികൾ സദാസമയം അലയടിക്കുന്ന തീരങ്ങളും അറബ് ക്ലാസിക്കൽ കാവ്യമായ മുൻഷിദുമായി ഊരുചുറ്റുന്ന കുളിർക്കാറ്റും ഷാർജയുടെ നൈസർഗിക പുണ്യമാണ്. െഎക്യരാഷ്ട്ര സഭ എജ്യുക്കേഷനൽ, സയൻറിഫിക് ആൻറ് കൾചറൽ ഓർഗനൈസേഷൻ (യുനെസ്കോ) ലോകപുസ്തക തലസ്ഥാന പദവി നൽകിയാണ് പോയവർഷം ഷാർജയെ ആദരിച്ചത്. സാംസ്കാരിക വ്യവഹാരങ്ങളുടെ കാര്യത്തിലും പ്രസാധകരെ കൈപ്പിടിച്ചുയർത്തുന്ന സംവിധാനത്തിലും ഷാർജ ഇന്ന് ഒന്നാം സ്ഥാനത്താണ്.
ഒരു വീട്ടിൽ ഒരു പുസ്തകമെങ്കിലും വായിക്കപ്പെടുമ്പോൾ അവിടെ നിന്ന് കൂരിരുട്ട് അകന്നുപോകുമെന്ന ശൈഖ് സുൽത്താെൻറ കാഴ്ചപ്പാട് മാത്രം മതി ഷാർജ പുസ്തകോത്സവത്തിൻറെ അടിത്തറയുടെ ഉറപ്പളക്കാൻ. അറബാന എന്നു വിളിക്കുന്ന ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ നിറച്ചുവെച്ച്, കുടുംബങ്ങളുമായി അക്ഷര നഗരിയിലെ പവലിയനുകൾ തോറും സഞ്ചരിക്കുന്ന അറബികൾ, പുസ്തകങ്ങൾ ഒരിക്കലും മരിക്കില്ല എന്നതിെൻറ നേർസാക്ഷ്യങ്ങളാണ്.
സാഹിത്യവും സംഗീതവും നാടകങ്ങളും എല്ലാം കോർത്തിണക്കി, കവിസമ്മേളനങ്ങൾ ചേർത്തിളക്കി, സോഷ്യൽ മീഡിയ കഫേകളുമായി ലയിപ്പിച്ച് പുസ്തകോത്സവം വെറും വായനക്കുള്ളതല്ലയെന്നും അനുഭവിച്ച് അറിയുവാനുള്ളതാണെന്ന തിരിച്ചറിവും നൽകുന്നുണ്ട് ഷാർജ. അറബ് സാഹിത്യരംഗം എത്രമാത്രം സമ്പന്നമാണെന്നതിെൻറ ഉത്തമ ഉദാഹരണം കൂടിയാണ് ഷാർജയിലെ പുസ്തക പൂരം. വിവർത്തന ഗ്രന്ഥങ്ങൾക്ക് വൻ സ്വീകാര്യതയാണ് അറബ് ഭാഷ നൽകുന്നത്. ഗാന്ധിയുടെയും ബഷീറിെൻറയും എം.ടിയുടേതുമെല്ലാം കൃതികൾ അറബിയിൽ ധാരാളം വായിക്കപ്പെടുന്നുണ്ട്. വിവർത്തന സാഹിത്യത്തിന് എല്ലാവർഷവും ഷാർജ പുരസ്കാരങ്ങൾ നൽകുന്നുണ്ട്.
ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഈ സമ്മാനങ്ങൾ നാളേക്കുള്ള സാഹിതീയമായ നിക്ഷേപങ്ങളാണ്. യുവതലമുറയെ വായനയോടും ലോകത്തോടും ചേർത്ത് നിറുത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. 11 ദിവസം ഷാർജ വേൾഡ് എക്സ്പോ സെൻറർ അക്ഷരങ്ങളുടെ പൂരനഗരിയായി മാറുന്നതും ഭാഷകളുടെ കുടമാറ്റം നടക്കുന്നത് കാണാനും പുസ്തകങ്ങൾ വാങ്ങാനുമായി വരുന്നത് ആയിരങ്ങളാണ്. അക്ഷരങ്ങളുടെ ന്യൂക്ലിയസിൽ നിന്ന് ഉയർന്നുവന്ന മഹാദ്ഭുതങ്ങളും ഗവേഷണങ്ങളുമാണ് നമ്മുക്കു ചുറ്റും പരന്നു കിടക്കുന്നതെന്നും നമുക്ക് മുന്നിൽ 'എല്ലായ്പ്പോഴും ഒരു ശരിയായ പുസ്തകം ഉണ്ട്' എന്ന് ഓർമപ്പെടുത്തുന്നതാണ് 40ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. നവംബർ മൂന്നു മുതൽ 13 വരെ നടക്കുന്ന മേളയിൽ 83 രാജ്യങ്ങളിൽ നിന്നുള്ള 1,576 പ്രസിദ്ധീകരണശാലകൾ പങ്കെടുക്കുന്നുണ്ട്. ഇത്തവണ നൂറിലധികം മലയാള പുസ്തകങ്ങളാണ് ഇന്ത്യൻ പവലിയനകത്തെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.