ഇളംമുറ പ്രതിഭകളുടെ അക്ഷരത്തെളിച്ചത്തിൽ കേരളം തിളങ്ങും
text_fieldsഷാർജ: പുസ്തകങ്ങളുടെ തറവാട്ടുമുറ്റത്ത് മലയാളിക്കുട്ടികളുടെ പ്രതിഭാവിലാസം പൂവിടുന്നു. ഒമ്പത് വയസ്സുകാരി ജസ്റ്റീന ജിബിെൻറയും 14കാരൻ ആര്യൻ മുരളീധരെൻറയും പുസ്തകങ്ങളാണ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നത്. ജസ്റ്റീന രചിച്ച ‘മൈ ഇമാജിനറി വേൾഡ്’ വെള്ളിയാഴ്ചയും ആര്യൻ രചന നിർവഹിച്ച ‘എ ട്രിസ്റ്റ് വിത് ലൈഫ്’ നവംബർ 11നും പ്രകാശനം ചെയ്യും.
വെള്ളിയാഴ്ച രാത്രി 9.30ന് ലിറ്ററേച്ചർ േഫാറത്തിലാണ് ‘മൈ ഇമാജിനറി വേൾഡ്’ പ്രകാശനം ചെയ്യുക. ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഇൗ പുസ്തകത്തിൽ ഒമ്പത് കഥകളും മൂന്ന് കവിതകളുമാണുള്ളത്. എൻ.ടി.വി ചെയർമാൻ മാത്യുക്കുട്ടി കടോണും ദുബൈ ആംലഡ് സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് പുതുശ്ശേരിയും പ്രകാശനം നിർവഹിക്കും.
ആംലഡ് സ്കൂളിലെ നാലാം ഗ്രേഡ് വിദ്യാർഥിനിയായ ജസ്റ്റീന എറണാകുളം ഇടപ്പള്ളി സ്വദേശിയും ദുബൈയിൽ മൊബൈൽ േഫാൺ മൊത്തവ്യാപാരിയുമായ ജിബിൻ വർക്കി, കാക്കനാട് സ്വദേശിനിയും എൻ.ടി.വി ആങ്കറുമായ ജോമിന ജിബിൻ എന്നിവരുടെ മകളാണ്. സ്കൂൾതലത്തിൽ സർഗരചനക്ക് സമ്മാനങ്ങൾ നേടിയിട്ടുള്ള ജസ്റ്റീന നർത്തകി കൂടിയാണ്.
വിയാനി പബ്ലിക്കേഷൻസ് അച്ചടിച്ച ‘മൈ ഇമാജിനറി വേൾഡ്’ നേരത്തെ ഗ്രാഫിക് ഡിസൈനർ ജിലു മരിയ തോമസ് എറണാകുളത്ത് പ്രകാശനം ചെയ്തിരുന്നു.
പുസ്തകത്തിെൻറ പുനഃപ്രകാശനമാണ് ഷാർജ പുസ്തകോത്സവത്തിൽ നടക്കുന്നത്. ആര്യൻ മുരളീധരെൻറ ‘എ ട്രിസ്റ്റ് വിത് ലൈഫ്’ 11ന് വൈകുന്നേരം ആറിന് ബുക് ഫോറം ഒാഡിറ്റോറിയത്തിലാണ് പ്രകാശനം ചെയ്യുക. ആറ് ഇംഗ്ലീഷ് ചെറുകഥകളുടെ സമാഹാരമാണിത്.
ദുബൈ ദ മില്ലേനിയം സ്കൂൾ വിദ്യാർഥിയായ ആര്യൻ മലപ്പുറം മങ്കട സ്വദേശിയും ഷാർജ പെട്രോഫാകിൽ മെക്കാനിക്കൽ എൻജിനീയറുമായ മുരളീധരെൻറയും രാഗത്തിെൻറയും മകനാണ്. പത്രമാധ്യമങ്ങളിൽ 15ഒാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ആര്യൻ എഴുത്തിന് പുറമെ സ്പെല്ലിങ് മത്സരം, അബാക്കസ് എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. 2014ലെ ശൈഖ് ഹംദാൻ അവാർഡ് ജേതാവാണ്. സ്പെൽബീ ജി.സി.സി തല മത്സരത്തിലെ ജേതാവും ബാംഗ്ലൂരിൽ നടന്ന സ്പെൽബീ ഇൻറർനാഷനലിലെ നാലാം സ്ഥാനക്കാരനുമാണ്. മലേഷ്യയിൽ സംഘടിപ്പിച്ച അബാക്കസ് ഇൻറർനാഷനൽ ചാമ്പ്യൻഷിപ് ജേതാവാണ്. അബാക്കസ് യു.എ.ഇ നാഷനൽ ചാമ്പ്യൻപട്ടം നാല് തവണ നേടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.