ഷാര്‍ജ പുസ്തകമേള ഇന്ത്യയില്‍ നിന്ന് പ്രഗത്ഭര്‍ എത്തും
text_fieldsഷാര്‍ജ: നവംബര്‍ ഒന്നു മുതല്‍ 12 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന 42ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധി പ്രമുഖർ പങ്കെടുക്കും. സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കുവെക്കും.
നീന ഗുപ്ത, നിഹാരിക എന്‍.എം, കരീന കപൂര്‍, അജയ് പി. മങ്ങാട്ട്, ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്, കജോള്‍ ദേവ്ഗന്‍, ജോയ് ആലുക്കാസ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ, സുനിത വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥികളാകുന്നത്.
നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ ഇന്റലക്ച്വല്‍ ഹാളില്‍ ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ് ‘ചന്ദ്രയാന്‍ മുതല്‍ ആദിത്യ എല്‍-1 വരെ’ എന്ന പരിപാടിയില്‍ ചന്ദ്രയാന്‍-3ന്റെയും ആദിത്യ എല്‍-1ന്റെയും വിജയകഥകള്‍ അവതരിപ്പിക്കും. നവംബര്‍ ഒമ്പതിന് വ്യാഴാഴ്ച രാത്രി എട്ടുമുതല്‍ ഒമ്പതു വരെ ബാള്‍ റൂമില്‍ ‘എ സ്റ്റാര്‍ ഇന്‍ സ്പേസ്’ എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ് പങ്കെടുക്കും.
10ന് വെള്ളിയാഴ്ച ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി എട്ടുമുതല്‍ 10 വരെ ‘ഇന്‍ ഫ്രീ ഫാള്‍’ എന്ന പരിപാടിയില്‍ നര്‍ത്തകിയും അഭിനേത്രിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായി സബന്ധിക്കും.
11ന് ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഇന്റലക്ച്വല്‍ ഹാളില്‍ ‘ദുരന്ത നിവാരണത്തിന്റെ നുറുങ്ങുകളും തന്ത്രങ്ങളും’ എന്ന വിഷയത്തില്‍ യു.എന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ മേധാവി ഡോ. മുരളി തുമ്മാരുകുടി സംസാരിക്കും. ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന തന്റെ പുസ്തകം സംബന്ധിച്ചും അദ്ദേഹം വിശദീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.