ഷാർജയിൽ അക്ഷരനിലാവ് പരന്നു
text_fieldsഷാര്‍ജ: രചനകളും പ്രഭാഷണങ്ങളും തുറന്നിട്ട വാക്കുകളുടെ വാതായനങ്ങളിലൂടെ സഞ്ചരിക്കാന്‍ ആയിരക്കണക്കിന് അക്ഷര സ്നേഹികള്‍ ഷാര്‍ജ പുസ്തകോത്സവത്തിലേക്ക് ഒഴുകിയത്തെി. കുഞ്ഞു കുട്ടികളെ താളം തുള്ളിക്കുന്ന ബാലസാഹിത്യങ്ങള്‍ മുതല്‍ ജീവിതത്തിന്‍െറ ആഴവും പരപ്പും അളന്നെടുത്ത് ആവിഷ്കരിച്ച മഹദ് ഗ്രന്ഥങ്ങള്‍ വരെ പ്രൗഢമായ സംസ്കാരത്തിന്‍െറ അടയാളപ്പെടുത്തലായി.
ഭാഷകളും സംസ്കാരങ്ങളും താണ്ടിയത്തെിയ പുസ്തകങ്ങളുടെ മഹാ ശേഖരം വായനക്ക് അതിര്‍ത്തിയും അതിരുമില്ളെന്ന് സാക്ഷ്യപ്പെടുത്തി. അക്ഷരങ്ങളിലൂടെ പടുത്തുയര്‍ത്തുന്ന അറിവിന്‍ സാമ്രാജ്യങ്ങളില്‍ വര്‍ണ-വര്‍ഗ വ്യത്യാസങ്ങള്‍ അലിഞ്ഞില്ലാതാവുമെന്നതിന്‍െറ പ്രഖ്യാപനം കൂടിയായി പുസ്തകോത്സവം.
35ാമത് പുസ്തകോത്സവത്തിന്‍െറ ഉദ്ഘാടന ദിവസം രാവിലെ എട്ടിന് തന്നെ ഉത്സവ നഗരിയിലേക്കുള്ള തിരക്ക് തുടങ്ങിയിരുന്നു. ശക്തമായ സുരക്ഷാപരിശോധനക്ക് ശേഷമാണ് സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിട്ടത്. അകത്തും പുറത്തും പൊലീസും സൈനികരും നിലയുറപ്പിച്ചിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ സിവില്‍ഡിഫന്‍സ് വിഭാഗങ്ങളും പാരാമെഡിക്കല്‍ വിഭാഗങ്ങളും സ്ഥലത്തുണ്ട്. രാവിലെ ദുബൈ ദിശയിലേക്ക് മാത്രം തിരക്ക് അനുഭവപ്പെടുന്ന അല്‍ താവുന്‍ റോഡില്‍ ഷാര്‍ജ ദിശയിലേക്ക് വന്‍ തിരക്കാണുണ്ടായത്. ഉദ്ഘാടന ദിവസം തന്നെ നിരവധി പുസ്തകങ്ങളാണ് വിറ്റുപോയത്.
ഡി.സി ബുക്സ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,കൈരളി, ലിപി, ഐ.പി.എച്ച്, കുരുക്ഷേത്ര, യുവത, തേജസ് തുടങ്ങി നിരവധി പ്രസാധകരാണ് ഇന്ത്യന്‍ പവലിയനിലുള്ളത്. ഇന്ത്യ പവലിയന്‍ ദുബൈ ഇന്ത്യ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ദീപ ജയിന്‍ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മാധ്യമം, മീഡിയാ വണ്‍ ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ സ്റ്റാളുകളും നഗരിയിലുണ്ട്. ഗള്‍ഫ് മാധ്യമം പവലിയന്‍ ഷാര്‍ജ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ മാജിദ് ജര്‍വാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് സന്നിഹിതനായിരുന്നു. സ്കൂള്‍ കുട്ടികളുടെ പങ്കാളിത്തവും ഉദ്ഘാടന ദിവസത്തിന് മിഴിവേകി.
പുസ്തകമേളയില്‍ മീഡിയവണ്‍ ആരംഭിച്ച 'യു ആര്‍ ഓണ്‍ എയര്‍' വാര്‍ത്താ വായനാ മല്‍സരത്തില്‍ വിദ്യാര്‍ഥികളുടെ ആവേശത്തോടെ പങ്കെടുത്തു. പുസ്തകോത്സവത്തിന്‍െറ എക്സ്റ്റേണല്‍ അഫയേഴ്സ് വിഭാഗം ഉദ്യോഗസ്ഥന്‍ മോഹന്‍കുമാര്‍ വാര്‍ത്ത വായിച്ചാണ് മത്സരം ഉദ്ഘാടനം ചെയ്തത്.
വിവിധ സ്കൂളുകളില്‍ നിന്ന് നൂറുകണക്കിന് കുട്ടികളാണ് എത്തിയത്. മേള നഗരിയില്‍ പ്രാര്‍ഥനക്ക് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിരവധി ഭക്ഷണശാലകളും മേള നഗരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.