കൂടുതൽ സ്മാർട്ടായി പുസ്തകോത്സവം
text_fieldsഷാർജ: 40 വയസ്സിലെത്തുന്ന ഷാർജ പുസ്തകോത്സവം ഇക്കുറി എത്തുന്നത് കൂടുതൽ സാങ്കേതികത്തികവോടെ. മേളയുടെ അജണ്ട, പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, എക്സിബിറ്റർ സ്പേസുകൾ എന്നിവ തെരഞ്ഞെടുക്കുന്നതിനും സ്കൂൾ സന്ദർശനങ്ങൾ ബുക്ക് ചെയ്യുന്നതിനും പുസ്തകത്തിന് പണം നൽകുന്നതിനും സമയവും പരിശ്രമവും ലാഭിക്കുന്ന സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതോറിറ്റിയുടെ ഷാർജ സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ട്മെൻറുമായി സഹകരിച്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽനിന്ന് പുസ്തകങ്ങൾ വാങ്ങാൻ സാധിക്കും. സന്ദർശകർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും മറ്റ് ഓൺലൈൻ പേമെൻറ് സംവിധാനങ്ങൾ വഴിയും പണമടക്കാനുള്ള സൗകര്യവും പ്രസാധകരുടെ സ്റ്റാൻഡുകളിൽ പണമടക്കുന്നതിനു പുറമേ, പ്രവേശന കവാടങ്ങളിൽ സെൽഫ് പേയ്മെൻറ് മെഷീനുകളും സജ്ജീകരിക്കുന്നുണ്ട്.
സന്ദർശനം എളുപ്പമാക്കാൻ ആപ്പ്
ഈ വർഷം ഔദ്യോഗിക മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും 'Sibf' എന്ന പേരിൽ ഇത് ലഭ്യമാണ്. സെഷനുകൾ, ശിൽപശാലകൾ, പരിപാടികൾ, പ്രസാധകരുടെ പട്ടിക, പ്രദർശിപ്പിച്ചിരിക്കുന്ന പുസ്തകങ്ങൾ എന്നിവയുൾപ്പെടെയുളള സേവനങ്ങൾ പുതിയ ആപ്പ് നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സെഷനുകളുടെ സമയത്തെക്കുറിച്ച് അറിയാനും ഇതുവഴി സാധിക്കും. വിദ്യാർഥി സമൂഹത്തിനിടയിൽ പുസ്തകമേളയുടെ ജനപ്രീതി കണക്കിലെടുത്ത് https://bit.ly/2XOJN8V എന്ന ലിങ്ക് വഴി എളുപ്പം രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.
പുസ്തകോത്സവത്തിൽ പുതുസാന്നിധ്യമാകാൻ 'മാധ്യമം ബുക്സ്'
ഹാൾ ഏഴിൽ ZD8 ആണ് മാധ്യമം സ്റ്റാൾ
ദുബൈ: 40ാമത് അന്താരാഷ്ട്ര ഷാർജ പുസ്തകോത്സവത്തിൽ 'മാധ്യമം' കുടുംബത്തിൽ നിന്നുള്ള പ്രസിദ്ധീകരണ സംരംഭം 'മാധ്യമം ബുക്സ്' പുതു സാന്നിധ്യമാകും. കഴിഞ്ഞ ഗാന്ധിജയന്തിയുടെ തലേന്ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സാഹിത്യ-സാമൂഹിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട മാധ്യമം ബുക്സിെൻറ അന്താരാഷ്ട്ര തലത്തിലെ ആദ്യ പ്രദർശനത്തിനാണ് പുസ്തകോത്സവ നഗരി വേദിയാവുക. മേളയിൽ പുത്തൻ പ്രസിദ്ധീകരണശാലയെ പരിചയപ്പെടാനും കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ സ്വന്തമാക്കാനും അവസരമുണ്ടാകും. മേളയിൽ ഹാൾ ഏഴിൽ ZD8 ആണ് മാധ്യമം സ്റ്റാൾ. മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയാണ് മാധ്യമം ബുക്സിെൻറ പിറവി പ്രഖ്യാപിച്ചത്. വ്യത്യസ്ത അഭിരുചികൾ ഉള്ളവരെ ഉദ്ദേശിച്ചുള്ള വിവിധ വിഷയങ്ങളിലെ 12 പുസ്തകങ്ങളാണ് നിലവിൽ പ്രകാശനം ചെയ്യപ്പെട്ടിട്ടുള്ളത്. പ്രിൻറഡ് പുസ്തകങ്ങളും ഡിജിറ്റൽ പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. 'ഗാന്ധി, നെഹ്റു: ആക്ഷേപങ്ങൾക്ക് മറുപടി', 'സവർണ സംവരണം കേരള മോഡൽ' എന്നിവയാണ് പ്രിൻറഡ് എഡിഷനിലുള്ളത്.
60 റെസിപ്പികൾ ഉൾപ്പെടുത്തിയ ഈസി ആൻഡ് ടേസ്റ്റി, മക്കളെ മിടുക്കരാക്കാൻ സ്മാർട്ട് പാരൻറിങ്, പൗരത്വം: സമരപുസ്തകം, ടെലിസ്കോപ്: ശാസ്ത്രലോകത്തെ വർത്തമാനങ്ങൾ, മാധ്യമം കവിതകൾ, പാട്ടോരച്ചില്ലകൾ, ഗാന്ധി എന്തുകൊണ്ട്? വായന തുടങ്ങിയവ ഇ-ബുക്കായി ക്വിൻറൽ എഡിഷനായും ഇറക്കിയിട്ടുണ്ട്. കൂടുതൽ പുസ്തകങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കേരളത്തിലെ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ എഴുത്തുകൾ പ്രകാശിതമാകുന്ന വലിയ പ്രസിദ്ധീകരണാലയം എന്നതാണ് 'മാധ്യമം ബുക്സ്' ലക്ഷ്യംവെക്കുന്നത്. ഷാർജ പുസ്തകോത്സവ വേദിയിൽ മലയാളത്തിെൻറ പ്രിയപ്പെട്ട എഴുത്തുകാരും പ്രമുഖരും 'മാധ്യമം ബുക്സ്' സ്റ്റാളിൽ എത്തിച്ചേരും. സ്റ്റാളിൽ മാധ്യമം ബുക്സ് പുസ്തകങ്ങൾ ലഭിക്കുന്നതിന് നേരേത്ത ബുക്കിങ്ങിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 0504851700.
40 പുതിയ കൃതികളുമായി യുവത ബുക്സ്
ഷാർജ: 40ാമത് ഷാർജ പുസ്തകമേളയിൽ 40 പുതിയ പുസ്തകങ്ങളുമായി യുവത ബുക്സ്. തുടർച്ചയായി 24ാം തവണയാണ് യുവത ബുക്സ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. 1987ലാണ് കോഴിക്കോട് ആസ്ഥാനമായി യുവത ബുക്സ് പ്രവർത്തനമാരംഭിച്ചത്. 1998 മുതലാണ് യുവത ഷാർജ പുസ്തകമേളയുടെ ഭാഗമായത്.
പുസ്തക പ്രകാശനം, പുസ്തക ചർച്ച, ഓഥേർസ് മീറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഷാർജ ബുക്ക് അതോറിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്നുണ്ട്. മത ദാർശനിക പഠനങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, ക്ലാസിക്കുകൾ, സാംസ്കാരിക രചനകൾ, ബാലസാഹിത്യങ്ങൾ, കഥകൾ, കവിതകൾ, നോവലുകൾ, ഓർമക്കുറിപ്പുകൾ എന്നിവയും യുവതയിൽ ലഭ്യമാണ്. യുവതയുടെ ബെസ്റ്റ് സെല്ലർ റഫറൻസ് ഗ്രന്ഥങ്ങളായ ഇസ്ലാം അഞ്ച് വാള്യങ്ങളിൽ, ഹദീസ് സമാഹാരം (മൂന്ന് വാള്യങ്ങൾ) തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. ഹാൾ നമ്പർ ഏഴിൽ ZC 13 പവിലിയനിലാണ് യുവത ബുക്സ് പ്രവർത്തിക്കുന്നത്.
ലഘുനോവലുകളുമായി നോവലെറ്റുകൾ
ഗൾഫ് ജീവിതത്തിനിടയിൽ പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച കെ.എം. അബ്ബാസിെൻറ ലഘു നോവലുകളുടെ സമാഹാരമാണ് നോവലെറ്റുകൾ. മണൽദേശം, പലായനം, ദേര എന്നിവയാണ് ഇതിൽ. 20 വർഷം മുൻപ് പുറത്തിറങ്ങിയ 'പലായനം' മരുഭൂമിയിൽ നഷ്ടപ്പെട്ട പിതാവിനെ തേടിയുള്ള യുവാവിെൻറ യാത്രയാണ് ആവിഷ്കരിച്ചിരിക്കുന്നത്. മലയാളിയുടെ ദുബൈ ജീവിതം അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നു 'ദേര'. ഒരർഥത്തിൽ സാമൂഹിക പ്രവർത്തകരുടെ കഥയാണിത്. പൊതുമാപ്പ് വേളയിൽ അവർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. എന്തുകൊണ്ട് ലക്ഷക്കണക്കിനാളുകൾ മരുജീവിതം തെരഞ്ഞെടുത്തു എന്നതിെൻറ ഉത്തരം തേടലായിരുന്നു 'മണൽ ദേശം'. മലബാറുകാർ എന്തിന് കൂട്ടത്തോടെ കടൽ കടന്നുവെന്ന് ഓർത്തെടുക്കാനുള്ള ശ്രമം. പല കാലങ്ങളായി എഴുതിയ നോവലുകളെല്ലാം ഒറ്റ പുസ്തകമായാണ് നോവലെറ്റുകൾ ഷാർജ പുസ്തകോത്സവത്തിന് എത്തുന്നത്. ഗ്രീൻ ബുക്സ് സ്റ്റാളിൽ 'നോവലെറ്റുകൾ' സമാഹാരം ലഭ്യമാകും. പ്രകാശനം നവംബർ അഞ്ച് വൈകിട്ട് 6.30ന് റൈറ്റേഴ്സ് ഹാളിൽ.
രചയിതാവ്: കെ.എം. അബ്ബാസ്
പബ്ലിക്കേഷൻസ്:
ഗ്രീൻ ബുക്സ്
സുൽത്താൻ വാരിയംകുന്നൻ ഷാർജയിലെത്തുന്നു
ഷാർജ: ബ്രിട്ടീഷുകാരെയും അവരുടെ സിൽബന്ധികളെയും വരച്ച വരയിൽനിർത്തി പിറന്ന നാടിെൻറ മോചനത്തിനായുള്ള പോരാട്ടത്തിനിടയിൽ വീരമൃത്യു വരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വീരചരിതം പറയുന്ന സുൽത്താൻ വാരിയംകുന്നൻ ഷാർജ അന്താരാഷ്്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യുമെന്ന് പുസ്തക രചയിതാവ് റമീസ് മുഹമ്മദ് പറഞ്ഞു. മൂന്നിന് വൈകീട്ട് 6.30ന് റൈറ്റേഴ്സ് ഫോറം ഹാൾ നമ്പർ ഏഴിൽ തിരക്കഥാകൃത്തും സംവിധായകനുമായ സക്കരിയ ആണ് പ്രകാശനം നിർവഹിക്കുന്നത്. സ്റ്റാൻഡ് നമ്പർ ZC16ൽ പുസ്തകം ലഭിക്കും.
കോവിഡ് അനുഭവങ്ങളുമായി 'ഒപ്പം'
വ്യത്യസ്ത മേഖലയിലുള്ളവരുടെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകമാണ് ഒപ്പം. സച്ചിതാനന്ദന്, സക്കറിയ, ഇബ്രാഹിം വെങ്ങര, തോമസ് ജേക്കബ്, എം.ജി. രാധാകൃഷ്ണന് തുടങ്ങി യു.എ.ഇയിലെയും കേരളത്തിലെയും എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കോവിഡ് കാല അനുഭവങ്ങള്‍ ഉള്‍പ്പെടുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. രാഷ്ട്രീയ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലി എഡിറ്റ് ചെയ്ത പുസ്തകം ലിപി പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്. കോവിഡിെൻറ ആദ്യഘട്ടത്തില്‍ യു.എ.ഇയിലെ പ്രവാസി സംഘടനകളും വ്യക്തികളും നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ വായിച്ചറിയാം. ചിരന്തനയാണ് പുസ്തകം പുറത്തിറക്കുന്നത്. റൈറ്റേഴ്സ് ഫോറം ഹാള്‍ നമ്പര്‍ ഏഴിൽ വ്യാഴാഴ്ച വൈകുന്നേരം 5.30നാണ് പ്രകാശനം.
എഡിറ്റർ:
പുന്നക്കൻ മുഹമ്മദലി
പബ്ലിക്കേഷൻസ്: ലിപി
'കബന്ധ നൃത്ത'വുമായി ഷെമി
ശ്രദ്ധേയമായ രണ്ട് നോവലുകൾക്ക് ശേഷം ഷെമി തയാറാക്കിയ ആദ്യ കഥാസമാഹാരമാണ് കബന്ധ നൃത്തം. ഡി.സി ബുക്സ് പുറത്തിറക്കിയ 'നടവഴിയിലെ നേരുകൾ, മലപ്പുറത്തിെൻറ മരുമകൾ' എന്നിവ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ നോവലുകളായിരുന്നു. മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന 'കബന്ധ നൃത്തം' നവംബർ നാലിന് രാത്രി പത്തിനാണ് പ്രകാശനം ചെയ്യുന്നത്. 15 കഥകൾ ഉൾപെടുത്തിയിരിക്കുന്നു. ഏഴാം നമ്പർ ഹാളിലെ റൈേറ്റഴ്സ് ഫോറത്തിലാണ് പ്രകാശനം.
രചയിതാവ്: ഷെമി
പബ്ലിക്കേഷൻസ്:
മാതൃഭൂമി ബുക്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.