ഷാർജ ബുക്ക് ഫെസ്റ്റ് : സ്റ്റാൾ വാടക ഒഴിവാക്കാൻ ശൈഖ് സുൽത്താെൻറ ഉത്തരവ്
text_fieldsഷാർജ: അക്ഷരങ്ങൾ എവിടെയെങ്കിലും കൃഷി ചെയ്യുന്നുണ്ടോ എന്നൊരു ചോദ്യം ഉയർന്നുവന്നാൽ, ഉണ്ട് ഐക്യ അറബ് നാടുകളുടെ സാംസ്കാരിക കേദാരമായ ഷാർജയിൽ എന്ന് ഉത്തരം പറയാൻ ഷർഖിയൻ സാംസ്കാരിക വൈവിധ്യം മനസ്സിലാക്കിയവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.
കോവിഡ് കാലത്തെ നിശ്ചലതയെ അക്ഷരങ്ങൾകൊണ്ട് ചലനാത്മകമാക്കിയ ഷാർജയിൽനിന്ന് പ്രസാധകർക്കൊരു സന്തോഷ വാർത്ത. ഈ വർഷത്തെ ഷാർജ ഇൻറർനാഷനൽ ബുക്ക് ഫെയറിൽ പങ്കെടുത്ത 1024 പ്രസാധക സ്ഥാപനങ്ങളെയും സ്റ്റാൻഡ് വാടക ഫീസിൽനിന്ന് ഒഴിവാക്കിയതായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. മലയാളി പ്രസാധകർ അടക്കമുള്ളവർക്ക് ഏറെ ആശ്വാസവും സാമ്പത്തിക ലാഭവുമുണ്ടാക്കുന്ന തീരുമാനമാണിത്.
60 ലക്ഷം ദിർഹമിെൻറ ആനുകൂല്യമാണ് പ്രസാധകർക്ക് ഇതുവഴി ലഭിക്കുന്നത്. ലോക പുസ്തകോത്സവ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിക്കപ്പെടുന്നത്.സാംസ്കാരിക വൈവിധ്യങ്ങളെയും പ്രസാധകരെയും രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ഷാർജയുടെ മനസ്സാണ് ഈ പ്രഖ്യാപനത്തിലൂടെ വെളിച്ചംവീശുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. ഊർജസ്വലമായ സംസ്കാരത്തിെൻറ അടിസ്ഥാനം പുസ്തകങ്ങളാണ്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേള അതിെൻറ വീടാണ്. എസ്.ഐ.ബി.എഫ് 2020ലെ ഓരോ പ്രസാധകെൻറയും പങ്കാളിത്തത്തെ പൂർണമായി പിന്തുണക്കുന്നതിലൂടെ, പ്രസാധകരെ പങ്കാളിത്ത ഫീസിൽനിന്ന് പൂർണമായും ഒഴിവാക്കുന്ന ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പുസ്തകമേളയായി ഞങ്ങൾ മാറുന്നുവെന്ന് അംറി പറഞ്ഞു.
അറബ് ലോകത്ത് മാത്രമല്ല ലോകത്തിെൻറ മറ്റു ഭാഗങ്ങളിലും പ്രസിദ്ധീകരണ വ്യവസായത്തിന് ഈ വലിയ വാർത്ത വലിയൊരു സഹായമാണെന്ന് ഖർത്തൂം പബ്ലിഷിങ് ഹൗസിലെ മറിയം പറഞ്ഞു.സംസ്കാരത്തെ പിന്തുണക്കുന്നതിൽ എല്ലായ്പോഴും മാന്യത പുലർത്തുന്ന ഷാർജ ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിചിത്ര നടപടിയല്ല. വ്യവസായത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ പ്രസാധകരെ സഹായിക്കുന്ന ഈ സവിശേഷതയെ ഞങ്ങൾ ശരിക്കും അഭിനന്ദിക്കുന്നുവെന്ന് ലൈബ്രേറിയ സ്റ്റീഫൻ ഉടമ റിച്ചാർഡ് അരാനി പറഞ്ഞു.
വിവിധ പ്രതിസന്ധികൾക്കും ദുരന്തങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ലബനാനിലെ പ്രസാധകരെ സംബന്ധിച്ചിടത്തോളം ഈ ഔദാര്യം വളരെ വലുതാണ്.ഇത് ലബനാൻ പ്രസിദ്ധീകരണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും വെല്ലുവിളികൾക്കിടയിലും രാജ്യത്തിെൻറ ഊർജസ്വലമായ സംസ്കാരം നിലനിർത്താനും സഹായിക്കുമെന്ന് ലബനാൻ പബ്ലിഷിങ് ഹൗസ് അൽ സീർ അൽ മഷ്രെക് ഉടമ അൻറോയിൻ സാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.