ഷാർജ പുസ്തകോത്സവത്തിലെത്തിയത് 21 ലക്ഷം സന്ദർശകർ
text_fieldsഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ
ഷാർജ: ലോകത്തിലെ വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ പുസ്തകോത്സവത്തിന്റെ 41ാം എഡിഷൻ സന്ദർശിച്ചത് 21.7 ലക്ഷം പേർ. 112 രാജ്യങ്ങളിലുള്ളവർ സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.
54.2 ശതമാനം പുരുഷന്മാരും 45.8 ശതമാനം സ്ത്രീകളുമാണ് പുസ്തകോത്സവത്തിനെത്തിയത്. ഇതിൽ 40.8 ശതമാനവും 16 മുതൽ 25ന് ഇടയിൽ പ്രായമുള്ളവരായിരുന്നു. 35.1 ശതമാനം പേർ 25 മുതൽ 45 വയസ്സിനിടയിലുള്ളവരാണ്. യുവജനതയുടെ പുസ്തകതാൽപര്യമാണ് ഇത് വ്യക്തമാക്കുന്നത്. 2.18 ലക്ഷം കുട്ടികളെയും ഇക്കുറി പുസ്തകോത്സവം ആകർഷിച്ചു. 12 ദിവസങ്ങൾക്കിടയിൽ 200ഓളം സാംസ്കാരിക സംവാദങ്ങൾ അരങ്ങേറി. ലൈബ്രറികളുടെ നവീകരണം ലക്ഷ്യമിട്ട് പുസ്തകം വാങ്ങാൻ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം ഗ്രാൻഡ് അനുവദിച്ചു.
പുസ്തകോത്സവത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ആഗോളതലത്തിൽ 70 ലക്ഷം ജനങ്ങളിലേക്കെത്തി. SIBF22 എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ 18 ദശലക്ഷം കാഴ്ചക്കാരിലേക്കെത്തി. അറബി, ഇംഗ്ലീഷ് ഹാഷ് ടാഗുകളിലായി 8400ഓളം പേർ വ്യക്തിപരമായും പോസ്റ്റുകളിട്ടു.
ഷാറൂഖ് ഖാൻ, ഫുട്ബാൾ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്, ക്രിക്കറ്റ് താരം ഷുഐബ് അക്തർ, ഈജിപ്ഷ്യൻ നടൻ കരീം അബ്ദുൽ അസീസ്, അഹ്മദ് അൽ സക്ക, സൗദി അറേബ്യൻ ഗായകൻ അബാദി അൽ ജൊഹർ, ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലക, ബുക്കർ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ തുടങ്ങിയവരുടെ സാന്നിധ്യമായിരുന്നു മുഖ്യ ആകർഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.