ഷാർജ പുസ്തകോത്സവം; അതിഥികളെ സ്വീകരിക്കാൻ മികവുറ്റ സന്നാഹങ്ങൾ
text_fieldsഷാർജ: അൽതാവൂനിലെ വേൾഡ് എക്സ്പോ സെൻററിൽ 12 ദിവസം നീളുന്ന പുസ്തകോത്സവത്തിനായി ആധുനിക സുരക്ഷ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പവലിയനുകളുടെ നിർമാണങ്ങളെല്ലാം പൂർത്തിയായി പുസ്തകങ്ങൾ നിരത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരും പ്രസാധകരുമെല്ലാം എത്തിക്കഴിഞ്ഞിട്ടുണ്ട്. നേരിട്ടുള്ള സന്ദർശനത്തിന് കോവിഡ് നിയന്ത്രണങ്ങളൊന്നും ഇല്ലാത്തത് ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാക്കും. പുസ്തകോത്സവത്തിലെ ശ്രദ്ധേയമായ ഇന്ത്യൻ പവലിയനിൽ മലയാളത്തിന് തന്നെയാണ് ആധിപത്യം.
ഇത്തവണയും പുസ്തകോത്സവത്തിന് എത്തുന്നവർക്ക് വാഹനങ്ങൾ നിർത്താന്‍ കൂടുതല്‍ ഭാഗങ്ങളിൽ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന കവാടത്തിന് പുറമെ കോർണിഷ് ഭാഗത്തും യു.എസ്.എ ട്രേഡ് സെൻറർ പ്രവർത്തിച്ചിരുന്ന ഭാഗത്തും പാർക്കിങ് സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ട്. എക്സ്പോ സെൻറററിന് പരിസരത്ത് വാഹനം നിർത്താനുള്ള സൗകര്യം ലഭിച്ചില്ലെങ്കിൽ നിരാശപ്പെടേണ്ട. ഇന്ത്യ, ഈജിപ്ത് ട്രേഡ് സെന്റർ ഭാഗത്തും ചേംബർ ഓഫ് കോമേഴ്സിനടുത്തും കോർണീഷ് ഭാഗത്തും നിരവധി സൗജന്യ പാർക്കിങ്ങുകളുണ്ട്. എക്സ്പോ സെൻററിലേക്ക് പ്രവേശിക്കുന്ന റോഡിലൂടെ നേരെ പോയാല്‍ ഇവിടെയെത്താം. ഇവിടെയും കിട്ടാതെവന്നാല്‍ വിക്ടോറിയ സ്കൂളിന് പിറകുവശത്തേക്ക് പോവുക. നിരവധി വാഹനങ്ങള്‍ നിർത്താനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ഫിർദൗസ് മസ്ജിദിന്റെ പാർക്കിങ്ങിൽ വാഹനം നിർത്തരുത്. നമസ്കാര സമയത്ത് മാത്രമാണ് ഇവിടെ സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. ഈ ഭാഗത്തും കിട്ടിയില്ലെങ്കിൽ ഷാർജ പാലസ് ഹോട്ടലിന് പിറകുവശത്തേക്ക് വണ്ടിതിരിക്കുക. ഇതിന് പിറകിലുള്ള പള്ളിയുടെ അടുത്തായി വിശാലമായ പാർക്കിങ് സൗകര്യമുണ്ട്. ഖസബയുടെ ഭാഗത്തും വിശാലമായ പാർക്കിങ്ങുണ്ട്. അല്‍ താവൂന്‍ റോഡിലൂടെ നേരെ പോയാല്‍ ഇവിടെയെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.