ഷാർജ പുസ്തകോത്സവത്തിന് ഇന്ന് സമാപനം
text_fieldsഷാർജ: ലോക സാംസ്കാരിക ചരിത്രത്തിലെ സുവർണ താളുകളിൽ പുത്തൻ അധ്യായം കുറിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 40ാം എഡിഷന് ശനിയാഴ്ച സമാപനം. കോവിഡ് മഹാമാരിക്കെതിരെ സുരക്ഷിത മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മേളയിൽ ലക്ഷക്കണക്കിന് പേരാണ് എത്തിയത്.
സ്കൂൾ കുട്ടികളുടെയും യുവാക്കളുടെയും സാന്നിധ്യം പുതുതലമുറയെ സംബന്ധിച്ച് പ്രതീക്ഷ പകരുന്നതായിരുന്നു. പ്രസാധകർക്ക് മികച്ച പിന്തുണ നൽകാനും ഷാർജയുടെ വായനശാലകൾക്ക് തിളക്കം കൂട്ടാനുമായി 45 ലക്ഷം ദിർഹത്തിെൻറ ഗ്രാൻഡ് ശൈഖ് സുൽത്താൻ അനുവദിച്ചിരുന്നു. മേളയുടെ ആദ്യദിവസം പങ്കെടുത്ത െനാബേൽ ജേതാവ് അബ്ദുറസാഖ് ഗുർനെ മുതൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വായനാലോകത്തെ അതിപ്രഗത്ഭരുടെ സാന്നിധ്യവും ഉത്സവത്തിന് മാറ്റുകൂട്ടി.
എല്ലാദിവസങ്ങളിലും വിവിധ വേദികളിലായി നിരവധി സാംസ്കാരിക-കലാ പരിപാടികൾ അരങ്ങേറിയത് ഷാർജ എക്സ്പോ സെൻററിലെ പുസ്തമേള നഗരിയെ സജീവമാക്കി. അക്കൂട്ടത്തിൽ 'ജോർഡിന്ത്യൻ' താരങ്ങൾ അവതരിപ്പിച്ച സ്കിറ്റുകൾ അതിമനോഹരമായിരുന്നു. സമാനമായി വിവിധ ഭാഷകളിൽനിന്നുള്ള നാടകങ്ങൾക്ക് മികച്ച പിന്തുണ ലഭിച്ചു.
83 രാജ്യങ്ങളിൽനിന്ന് ആയിരത്തി അഞ്ഞൂറിലേറെ പ്രസാധകരാണ് മേളയിലെത്തിയത്. ഇന്ത്യൻ പവലിയെൻറ മുക്കാൽ പങ്കും കൈയടക്കിയത് ശ്രേഷ്ഠ മലയാളമായിരുന്നു.
അറബി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റുപോയതും മലയാള പുസ്തകങ്ങൾ തന്നെ.
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സന്തോഷ് ജോർജ് കുളങ്ങര, മജീഷ്യൻ മുതുകാട്, പി.എഫ്. മാത്യൂസ്, മനോജ് കുറൂർ, ദീപ നിശാന്ത്, സുറാബ് അടക്കമുള്ളവർ കേരളത്തിൽനിന്നെത്തി. അടുത്തിടെ തുടക്കം കുറിച്ച 'മാധ്യമം ബുക്സ്' ആദ്യമായി രാജ്യന്തരതലത്തിൽ 12 പുസ്തകങ്ങളുമായി സാന്നിധ്യം അറിയിച്ചു. ഇന്ത്യയിൽനിന്ന് 81 പ്രസാധകരും ജ്ഞാനപീഠ ജേതാവ് അമിതാവ് ഘോഷ്, എഴുത്തുകാരായ ചേതൻ ഭഗത്, രവീന്ദർ സിങ്, അർഫീൻ ഖാൻ, ജെയ് ഷെട്ടി, പ്രണയ് ലാൽ, വീർ സാങ്വി എന്നിവരും എത്തി.
ഈയിടെ പുറത്തിറങ്ങിയ മലബാർ സമര നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ കുറിച്ച 'സുൽത്താൻ വാരിയംകുന്നൻ' പുസ്തകം മേളയിൽ റെക്കോഡ് വിൽപനയാണ് കൈവരിച്ചത്. പതിവ് തെറ്റിച്ച് ഇക്കുറി രണ്ട് മലയാള ബാലസാഹിത്യങ്ങളും അതിലേറെ ഇംഗ്ലീഷ് ബാലസാഹിത്യങ്ങളും പ്രകാശിതമായി.
അമേരിക്കൻ ലൈബ്രറി കൗൺസിൽ ഇത്തവണ മേളയിലെത്തി എന്നത് ഒരു സവിശേഷതയാണ്. അതിഥി രാജ്യമായി സ്പെയിനും മേളയുടെ വിശിഷ്ട വ്യക്തിയായി കുവൈത്തി നോവലിസ്റ്റ് താലിബ് അൽ റിഫായിയും പുസ്തകോത്സവത്തിെൻറ ശ്രദ്ധാകേന്ദ്രമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.