വായനയുടെ തീ അണയുന്നില്ല -പി.കെ. പാറക്കടവ്
text_fieldsഷാർജ: വായനയുടെ തീ എപ്പോഴും അണയാതെ നിലനിൽക്കുമെന്ന് സാഹിത്യകാരൻ പി.കെ. പാറക്കടവ്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ഷാർജ പുസ്തകോത്സവം ഓരോവർഷവും പുതിയ അനുഭവങ്ങൾ നൽകുന്നു. അച്ചടി പുസ്തകങ്ങളുടെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവരെ അമ്പരപ്പിക്കുന്നതാണ് മേളയിലെ തിരക്ക്. പുസ്തകങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്നവരാണ് പുതുതലമുറയെന്ന ധാരണ തെറ്റാണെന്നും മേള വിളിച്ചുപറയുന്നു -അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ‘ഇടിമിന്നലുകളുടെ പ്രണയം’, ‘മീസാൻ കല്ലുകളുടെ കാവൽ’ രണ്ട് നോവലുകൾ ഒരു പുസ്തകമാക്കിയതിന്റെ പ്രകാശനവും നടന്നു. ഇടിമിന്നലുകളുടെ പ്രണയം ഫലസ്തീൻ പശ്ചാത്തലത്തിലെഴുതിയ നോവലാണെന്നും പുതിയ ഗസ്സയിലെ സാഹചര്യത്തിൽ ഏറെപേർ താൽപര്യത്തോടെ പുസ്തകം അന്വേഷിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഫലസ്തീൻ പ്രമേയമാകുന്ന നോവലുകൾ കൂടുതലായി വന്നിട്ടില്ല.
ഫലസ്തീനികളുടെ ജീവിതവും ചരിത്രവും രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന നോവലാണിത്. മഹ്മൂദ് ദർവീശിനെ പോലെ മികച്ച എഴുത്തുകാരുടെയും നിരവധി കലാകാരൻമാരുടെയും മണ്ണാണ് ഫലസ്തീൻ. അവരുടെ സജീവ സാന്നിധ്യം ഇത്തവണത്തെ മേളയിലില്ലാത്തത് ദുഃഖകരമാണ്. വായനക്കാർ ഹൃദയപൂർവം സ്വീകരിച്ച നോവലുകൾ ഒന്നിച്ച് ഒരു പുസ്തകമാക്കി ഇറക്കിയതിൽ ഏറെ സന്തോഷമുണ്ട്. രാഷ്ട്രീയ വിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് കെ.
സച്ചിദാനന്ദൻ നേരത്തെ എഴുതിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകത്തിന്റെ പ്രകാശനം മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം എഴുത്തുകാരി ഷെമിക്ക് നൽകി പ്രകാശനം ചെയ്തു. എം.സി.എ. നാസർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജേക്കബ് എബ്രഹാം, മുനവ്വർ വളാഞ്ചേരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജേക്കബ് എബ്രഹാമിന്റെ ‘വാൻഗോഗിന്റെ കാമുകി’ പുസ്തകം പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.