ഷാർജ ബുക്ക് ഫെസ്റ്റിവൽ: ഇന്ത്യയിൽ നിന്ന് പ്രമുഖരെത്തും
text_fieldsഷാർജ: എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് ഉൾപ്പെടെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഇത്തവണ ഇന്ത്യയിൽ നിന്ന് എത്തുന്നത് പ്രമുഖർ. നവംബർ പത്തിന് വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫറൻസ് ഹാളിലാണ് ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം’ എന്ന പേരിൽ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നത്.
തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ്’ എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം കേൾവിക്കാരുമായി പങ്കുവെക്കും. അന്നേ ദിവസം തന്നെ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷിയും വേദിയിലെത്തും. ‘ഫ്രം സ്ക്രീൻ ടു പേജ് - ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. ആദ്യ നോവലായ ‘സെബ -ആൻ ആക്സിഡന്റൽ സൂപ്പർ ഹീറോ’യുടെ രചനക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും വെള്ളിത്തിരയിൽ നിന്ന് പുസ്തക താളിലേക്കുള്ള മാറ്റത്തിനിടെയുണ്ടായ വെല്ലുവിളികളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും അവർ മനസ്സു തുറക്കും.
പാചക വിദഗ്ധയും സഞ്ചാരിയുമായ ഷെനാസ് ട്രഷറിവാല നവംബർ 16നാണ് വേദിയിലെത്തുന്നത്. ‘യാത്രയും പാചകക്കുറിപ്പുകളും -ഷെനാസുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിലാണ് ഇവർ പങ്കെടുക്കുക. വൈകീട്ട് 7.15 മുതൽ 8.15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.
രണ്ട് ഇന്ത്യൻ വനിത പുരാവസ്തു ശാസ്ത്ര- ചരിത്ര വിദഗ്ധരുടെ സാന്നിധ്യമാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രധാന സവിശേഷത. നവംബർ എട്ടിന് ദേവിക കരിയപ്പയും ഒമ്പതിന് റാണ സഫ്വിയുമാണ് പുസ്തകോത്സവത്തിന് സാന്നിധ്യമറിയിക്കുക. നവംബർ ഒമ്പതിന് രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ റാണ സഫ്വി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.