ഷാർജ പുസ്തകോത്സവം: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി.പി. രാമചന്ദ്രനും അതിഥികൾ
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ കാവ്യസന്ധ്യയിൽ ഇത്തവണ മലയാളികളുടെ പ്രിയ കവി റഫീഖ് അഹമ്മദും പി.പി. രാമചന്ദ്രനും പങ്കെടുക്കും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ എട്ടുമണി വരെ കോൺഫറൻസ് ഹാളിലാണ് കാവ്യസന്ധ്യ. കവിതക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ചലച്ചിത്ര ഗാനങ്ങൾക്ക് ആറുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്.
വർത്തമാന കാലത്തെ ഏറ്റവും മികച്ച ഗാനരചയിതാവായ റഫീഖ് അഹമ്മദിന്റെ കവിതയും വർത്തമാനവും പ്രവാസികൾക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതാകും. ‘ലളിതം’ എന്ന ഒറ്റക്കവിതകൊണ്ട് മലയാള കവിതാസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കവിയാണ് പി.പി. രാമചന്ദ്രൻ.
കേരള സാഹിത്യ അക്കാദമി അവാർഡ്, പി. കുഞ്ഞിരാമൻ നായർ കവിത അവാർഡ്, ചെറുശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പി.പി. രാമചന്ദ്രന്റെ കവിതകളും വാക്കുകളും കേൾവിക്കാർക്ക് സാഹിത്യത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകും.
നവംബർ 15ന് രാത്രി എട്ടു മുതൽ 9.30 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി. ധർമജനും പങ്കെടുക്കും. നവംബർ 10 ഞായറാഴ്ചയാണ് അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് പങ്കെടുക്കുന്ന പരിപാടി.
വൈകീട്ട് ആറു മുതൽ ഏഴു വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ സ്രോതാക്കളുമായി സംവദിക്കും. നവംബർ 16ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.
രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. കഥക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ് തോമസ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയുടെ കഥ വിനോയ് തോമസിന്റേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.