ഷാർജ പുസ്തകോത്സവം:ദക്ഷിണ കൊറിയ അതിഥിരാജ്യം
text_fieldsഷാർജ: ലോകത്തിന്റെ നാനാദിക്കുകളിൽനിന്നും പുസ്തകപ്രേമികൾ ഒഴുകിയെത്തുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇത്തവണ അതിഥിരാജ്യം ദക്ഷിണ കൊറിയ. പുസ്തകോത്സവത്തിന്റെ 42ാം എഡിഷൻ നവംബർ ഒന്നുമുതൽ 12വരെ ഷാർജ എക്സ്പോ സെൻററിലാണ് ഇത്തവണയും അരങ്ങേറുന്നത്. ദക്ഷിണ കൊറിയ അതിഥി രാജ്യമായെത്തുന്നതോടെ വിഖ്യാതമായ കൊറിയൻ സാംസ്കാരിക, കലാപ്രകടനങ്ങൾക്ക് മേളയുടെ വേദി സാക്ഷിയാകുമെന്നുറപ്പായി.കൊറിയൻ സംസ്കാരത്തെയും സൗന്ദര്യ ശാസ്ത്രത്തെയും പ്രതിഫലിപ്പിക്കുന്ന പരിപാടികളും പ്രവർത്തനങ്ങളും ഇത്തവണ പുസ്തകോത്സവത്തിന്റെ സവിശേഷതയായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ലോകത്തെ വിവിധ ഭാഗങ്ങളിലെ യുവജനങ്ങൾക്കിടയിൽ വലിയ ആരാധക വൃന്ദമുള്ളതാണ് കൊറിയൻകലകൾ. അതോടൊപ്പം പാനൽ ചർച്ചകൾ, ശിൽപശാലകൾ, പാചകാവതരണങ്ങൾ എന്നിവയും കൊറിയൻ സംസ്കാരത്തെ പരിചയപ്പെടുത്തി അരങ്ങേറും. ഇതിലൂടെ രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും നാഗരിക സവിശേഷതകളും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും -സംഘാടകർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂണിൽ സോൾ അന്താരാഷ്ട്ര പുസ്തകമേളയുടെ 65ാമത് എഡിഷനിൽ ഷാർജയായിരുന്നു അതിഥിയായി പങ്കെടുത്തത്. ആഗോള സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ ഷാർജ പദവി ശക്തിപ്പെടുത്തുകയാണെന്ന് ഷാർജ ബുക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
പുസ്തകോത്സവം അടക്കമുള്ള അഭിമാനകരമായ സാംസ്കാരിക സംവിധാനങ്ങൾ രാജ്യങ്ങൾ തമ്മിലെ ആശയവിനിമയം കൂടുതൽ മുന്നോട്ടുകൊണ്ടുപോകുമെന്നും ആഗോള സാംസ്കാരിക സാഹചര്യത്തെ കൂടുതൽ വൈവിധ്യവും ഊർജസ്വലവുമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.