ഷാർജ പുസ്തകോത്സവം: ആദ്യദിനം പുസ്തകപ്രേമികളുടെ ഒഴുക്ക്
text_fieldsഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ ആദ്യദിനം ഷാർജ എക്സ്പോ സെൻററിലേക്ക് പുസ്തകപ്രേമികളുടെ ഒഴുക്ക്. കോവിഡ് ഭീതിയിൽ തിരക്കൊഴിഞ്ഞ കഴിഞ്ഞവർഷത്തെ മേളയിൽനിന്ന് വ്യത്യസ്തമായി ബുധനാഴ്ച രാവിലെ മുതൽ കുടുംബസമേതം സ്വദേശികളും പ്രവാസികളും അടങ്ങുന്ന വൻ ജനക്കൂട്ടമാണ് വന്നുചേർന്നത്.
മേളയിൽ ഇത്തവണ വായനപ്രേമികൾക്ക് പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സഹായികളായി 'ബുക് ഗൈഡു'മാരുണ്ട്. ഇവർ ഓരോരുത്തർക്കും യോജിച്ച പുസ്തക സെക്ഷനുകൾ പറഞ്ഞുകൊടുക്കുകയും അവിടേക്ക് വഴി കാണിക്കുകയും ചെയ്യുന്നത് വളരെ പേർക്ക് സഹായകമായി. ആകെ 13 ലക്ഷത്തിലധികം പുസ്തകം പ്രദർശിപ്പിക്കപ്പെടുന്ന മേളയിൽ ഒരുലക്ഷത്തിലേറെ പുസ്തകങ്ങൾ പുതിയ രചനകളാണ്. ഇത്തവണ ഒമ്പതു പുതിയ രാജ്യങ്ങൾ പുസ്തകോത്സവത്തിൽ പുതുതായി ചേർന്നു.
മലയാളം അടക്കമുള്ള ഇന്ത്യൻ പ്രസിദ്ധീകരണാലയങ്ങൾ ഹാൾ ഏഴിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. പുസ്തകോത്സവത്തിലെ ഇന്ത്യൻ സ്റ്റാൻഡ് ഉദ്ഘാടനം ദുബൈ കോൺസൽ ജനറൽ ഡോ. അമൻ പുരി നിർവഹിച്ചു. വിവിധ പ്രസാധകരുടെ പ്രദർശനങ്ങൾ സന്ദർശിച്ച അദ്ദേഹം 'ഗൾഫ് മാധ്യമം'സ്റ്റാളും കാണാനെത്തി. മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ്, മനോരമ, കൈരളി, മാതൃഭൂമി, ലിപി, ഐ.പി.എച്ച്, ഹരിതം, ഒലിവ്, യുവത തുടങ്ങി നിരവധി പ്രസാധകർ ഇത്തവണ എത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ പ്രസാധകർ എത്തിയത് ഈജിപ്തിൽനിന്നാണ്. അറബിക് പുസ്തകങ്ങളുടെ ശേഖരമാണ് ഏറ്റവും കൂടുതലുള്ളത്.
മേളയുടെ വിവിധ വേദികളിൽ പുസ്തക പ്രകാശനവും കലാപരിപാടികളും സംവാദങ്ങളും കാണാനും ആദ്യദിവസം വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.