ഷാര്‍ജ പുസ്തകോത്സവം പുതിയ ഉയരങ്ങളില്‍: സന്ദര്‍ശകര്‍ 23 ലക്ഷം; വില്‍പ്പന 320 കോടി
text_fieldsഷാര്‍ജ: ശനിയാഴ്ച തിരശ്ശീല വീണ 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശകരുടെ എണ്ണത്തിലും പുസ്തക വില്‍പ്പനയിലും പുതിയ റെക്കോഡിട്ടു. 11 ദിവസത്തെ മേള സംഘാടകരുടെ പ്രതീക്ഷകളെയും മറികടന്ന് 23.10 ലക്ഷം പേര്‍ സന്ദര്‍ശിച്ചു. 17.60 കോടി ദിര്‍ഹത്തിന്‍െറ (ഏകദേശം 320 കോടി രൂപ)പുസ്തകങ്ങളാണ് വിറ്റുപോയത്.
വലുപ്പത്തില്‍ ലോകത്തെ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ മേളയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പതിപ്പാണ് കഴിഞ്ഞിദിവസം കൊടിയിറങ്ങിയതെന്ന് സംഘാടകര്‍ അറിയിച്ചു.
60 രാജ്യങ്ങളില്‍ നിന്നുള്ള 1,681 പ്രസാധകര്‍ ചേര്‍ന്ന് 15 ലക്ഷത്തോളം പുസ്തകങ്ങള്‍ അണിനിരത്തിയ മേളയില്‍ സംഘാടകര്‍ ഇത്തവണ 17 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞവര്‍ഷത്തെ 12 ലക്ഷം എന്ന എണ്ണം വര്‍ധിപ്പിക്കാനായി ഇത്തവണ കൂടുതല്‍ പ്രമുഖരായ എഴുത്തുകാരെ കൊണ്ടുവരികയും ആകര്‍ഷകമായ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അത് ഫലം കണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ അമരി പറഞ്ഞു.
600 ലേറെ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കാളികളായി.സാമൂഹിക മാധ്യമങ്ങളില്‍ ‘എസ്.ഐ.ബി.എഫ് 2016’ഹാഷ്ടാഗില്‍ ഇംഗ്ളീഷിലും അറബിക്കിലുമായി 10 ലക്ഷത്തിലേറെ പേരാണ് എത്തിയത്.
ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം,സ്നാപ്ചാറ്റ് എന്നിവയിലെല്ലാം ഏറ്റവും ജനപ്രിയ ഹാഷ്ടാഗായിരുന്നു ഷാര്‍ജ മേളയുടേത്.
വായനയും പുസ്തകപ്രേമവും പ്രോത്സാഹിപ്പിക്കാനുള്ള യു.എ.ഇ നേതൃത്വത്തിന്‍െറ തീരുമാനമാണ് ഇത്തവണ മേളയെ ചരിത്രത്തിലത്തെിച്ചതെന്ന് റക്കാദ് അല്‍ അമരി പറഞ്ഞു.1982 മുതല്‍ മേളയുടെ ശില്‍പ്പിയും ജീവാത്മാവുമായ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിറഞ്ഞപിന്തുണയെ അല്‍ അമരി എടുത്തുപറഞ്ഞു.
സന്ദര്‍ശകരുടെ എണ്ണത്തിലും വില്‍പ്പനയിലും ലോകത്തെ ഒന്നാമത്തെ മേളയാകാനുള്ള സംഘാടകരുടെ ശ്രമത്തിന് പുതിയ ഊര്‍ജം പകരുന്നതാണ് വളര്‍ച്ചയുടെ പുതിയ കണക്കുകള്‍.
20 ലക്ഷം ദിര്‍ഹത്തിന്‍െറ ഷാര്‍ജ വിവര്‍ത്തന അവാര്‍ഡും ഷാര്‍ജയിലെ ഗ്രന്ഥാലയങ്ങള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ 40 ലക്ഷം ദിര്‍ഹം ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി സംഭാവന ചെയ്തതുമായിരുന്നു ഇത്തവണ മേളയിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍.
സന്ദര്‍ശകരുടെ ബാഹുല്യം കണക്കിലെടുത്ത് അടുത്ത വര്‍ഷം പുതിയ വേദിയിലേക്ക് മേള മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള എക്സ്പോ സെന്‍ററില്‍ നിന്ന് 60,000 ചതു. മീറ്റര്‍ വിസ്തീര്‍ണമുള്ള കൂടുതല്‍ സൗകര്യങ്ങളോടെയുള്ള വേദിയിലേക്കാണ് ഷാര്‍ജ പുസ്തമേള പറിച്ചുനടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.