ഷാർജ ബുർജീൽ ഹോസ്പിറ്റലിൽ ഹൃദ്രോഗ ചികിത്സ വിഭാഗം ആരംഭിച്ചു
text_fieldsഷാർജ: നോർത്തേൺ എമിറേറ്റ്സിലെ ആരോഗ്യസംരക്ഷണ മേഖലയിൽ നിർണായക ചുവടുവെപ്പ് നടത്തി ഷാർജയിലെ ബുർജീൽ സ്പെഷാൽറ്റി ഹോസ്പിറ്റൽ. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളുൾപ്പെടുന്ന കാർഡിയാക് സയൻസസ് വിഭാഗം മേഖലയിൽ ആഗോള നിലവാരത്തിലുള്ള ഹൃദയ സംരക്ഷണം ഉറപ്പുവരുത്തും.
കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. താരിഗ് അലി അൽ ഹസൻ, കാർഡിയോളജി വിഭാഗം തലവൻ ഡോ. മുഹമ്മദ് എം. സുലൈമാൻ എന്നിവരുൾപ്പെടുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ധരുടെ സംഘം ഡിപ്പാർട്മെന്റ് നയിക്കും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രവും നൂതനവുമായ പരിചരണം രോഗികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് സലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി കാർഡിയാക് സയൻസസ് വിഭാഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഉൾപ്പെടെയുള്ള മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.
എല്ലാവിധ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യാൻ സജ്ജമാണ് ബുർജീൽ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ കാർഡിയാക് സയൻസസ് വിഭാഗം. കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്, വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ, അയോർട്ടിക് ഡിസെക്ഷൻസ്, അനൂറിസം സർജറികൾ എന്നിവയുൾപ്പെടെ വിപുലമായ ഹൃദയ ശസ്ത്രക്രിയകൾ ഇവിടെ നടത്താം.
അതോടൊപ്പം കൊറോണറി ആൻജിയോഗ്രഫി, ആൻജിയോപ്ലാസ്റ്റി, സെപ്റ്റൽ വൈകല്യങ്ങൾക്കുള്ള ചികിത്സ, പേസ്മേക്കർ സ്ഥാപിക്കൽ എന്നീ കാർഡിയോളജി സേവനങ്ങളും ഉൾപ്പെടുന്നു. ഇന്റർവെൻഷനൽ രീതികളിൽ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് എഫ്.എഫ്.ആർ, ഐ.വി.യു.എസ് എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡയഗ്നസ്റ്റിക് ടൂളുകളും ഉപയോഗിക്കുന്നു.
ഹൃദ്രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുക, പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കാർഡിയാക് സ്ക്രീനിങ് പ്രോഗ്രാമും ബുർജീൽ ഹോസ്പിറ്റൽ ആരംഭിച്ചിട്ടുണ്ട്. ഇത് ജീവൻ അപകടത്തിലാകുന്നതിനു മുമ്പുതന്നെ ഹൃദ്രോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.