ഷാർജയിലെ കുട്ടികളുടെ വായനോത്സവം മേയ് 11 മുതൽ
text_fieldsഷാർജ: പുസ്തകങ്ങളുടെയും സർഗാത്മകതയുടെയും ആഘോഷമായ ഷാർജയിലെ കുട്ടികൾക്കായുള്ള വായനോത്സവം മേയ് 11 മുതൽ 22 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. കുട്ടികൾക്ക് അറിവും ക്രിയാത്മകതയും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ വായനോത്സവം സംഘടിപ്പിക്കുന്നത്. 'സർഗാത്മക കഴിവുകൾ സൃഷ്ടിക്കുക' എന്ന പ്രമേയത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന വായനോത്സവമാണ് ഇത്തവണത്തേത്. ആദ്യമായാണ് 12 ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും.
നിരവധി അന്താരാഷ്ട്ര എഴുത്തുകാർ പങ്കെടുക്കും. യുവതലമുറയെ അവരുടെ സർഗാത്മകതയുടെ ലോകത്തേക്ക് തുറന്നുവിടാനും കഴിവുകൾ വികസിപ്പിക്കാനും അറിവ് മെച്ചപ്പെടുത്താനുമാണ് വായനോത്സവം ലക്ഷ്യമിടുന്നത്. കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ഏറ്റവും വലിയ വായനോത്സവമായ ഷാർജ ചിൽഡ്രൻസ് റീഡിങ്ങ് ഫെസ്റ്റിവൽ.
യു.എ.ഇയുടെ വികസന യാത്രയെ മുന്നോട്ടു നയിക്കാനും കഴിവുള്ള പുതിയ തലമുറയെ വാർത്തെടുക്കാനുമാണ് വായനോത്സവം. 2010ലെ ഉദ്ഘാടന പതിപ്പ് മുതൽ കുട്ടികൾക്കും യുവാക്കൾക്കും അവരുടെ അഭിനിവേശങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനും സാഹിത്യം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വിലമതിക്കാനാവാത്ത അറിവ് നൽകുന്നതിനുമുള്ള ഇടം ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ നൽകുന്നു. യുവതലമുറയ്ക്ക് അവരുടെ അഭിനിവേശങ്ങൾ പിന്തുടരാനും കൗതുകങ്ങൾ കണ്ടെത്താനും ചെയ്യാനും പുതിയ അറിവുകൾ നേടാനും ഷാർജയിലെ കുട്ടികൾക്കായുള്ള വായനോത്സവം സഹായകമാവുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കദ് അൽ അമേരി പറഞ്ഞു.
എമിറേറ്റിൽ വായനയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ കുട്ടികൾക്ക് പുതിയ പുസ്തകങ്ങൾ വായിക്കാനും സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനുമുളള ഒരിടം കൂടിയാണ്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.