ഊർജ സംരക്ഷണത്തിന് ഷാർജയിൽ എനർജി കൗൺസിൽ
text_fieldsഷാർജ: എമിറേറ്റിലെ ഊർജ, ജല സ്രോതസ്സുകളുടെ ഭാവിക്കായി സമഗ്ര പദ്ധതികൾ വികസിപ്പിക്കുന്നതിന് എനർജി കൗൺസിൽ രൂപവത്കരിച്ചു.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇതു സംബന്ധിച്ച നിയമം പുറത്തിറക്കി.
ഊർജ സ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിലൂടെ എമിറേറ്റിന്റെ സാമ്പത്തിക വളർച്ചക്ക് ശക്തിപകരുകയാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ കൗൺസിലിന് നിയമപരമായ എല്ലാ അധികാരങ്ങളമുണ്ടാകും.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് കൗൺസിലിന്റെ അധ്യക്ഷൻ. പെട്രോളിയം കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി.
പെട്രോളിയം കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി ചെയർമാൻ സഈദ് സുൽത്താൻ അൽ സുവൈദി, സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ വലീദ് ഇബ്രാഹിം അൽ സായേഗ് എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.
ഊർജമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഭരണം കാര്യക്ഷമമാക്കുന്നതിനും എമിറേറ്റിലുടനീളം സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഷാർജയുടെ നയപരമായ കാഴ്ചപ്പാടുമായി ചേർന്ന് നിൽക്കുന്നതാണ് കൗൺസിലിന്റെ രൂപവത്കരണമെന്ന് അധികൃതർ അറിയിച്ചു.
എമിറേറ്റിലെ ഊർജ, ജല സ്രോതസ്സുകളുടെ ഭാവിക്കായി സമഗ്രമായ പദ്ധതികൾ വികസിപ്പിക്കുക, എമിറേറ്റിലുടനീളം വിശ്വസനീയവും സുരക്ഷിതവുമായ ഊർജ വിതരണം ഉറപ്പാക്കുക, പ്രധാന പങ്കാളികൾക്കിടയിൽ ഊർജവുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് കൗൺസിലിന്റെ പ്രധാന ചുമതലകൾ.
ദ്രവീകൃത പെട്രോളിയം വാതകം (എൽ.പി.ജി), അനുബന്ധ സേവനങ്ങൾ എന്നിവയുടെ പര്യവേക്ഷണം, ഉൽപാദനം എന്നിവയാണ് പ്രകൃതി വാതക മേഖലകൾ, എണ്ണ ഉൽപാദനം, ഇറക്കുമതി, കയറ്റുമതി, സംഭരണം, ഗതാഗതം, ക്രൂഡ് ഓയിൽ, അനുബന്ധ സേവനങ്ങൾ എന്നിവയാണ് ഇന്ധന മേഖലകൾ, പുനരുപയോഗ ഊർജത്തിൽനിന്നുള്ള വൈദ്യുതി ഉൽപാദനമാണ് മറ്റൊരു മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.