ഷാർജയിലെ പറക്കും തളിക
text_fieldsഏഴഴകും ചാർത്തി ഇപ്പോൾ പറന്നുയരും എന്ന മട്ടിൽ ആകാശനീലിമയിലേക്ക് കണ്ണുകളെറിഞ്ഞ് നിൽക്കുന്നുണ്ട് ഷാർജയിലൊരു പറക്കും തളിക. കലകളാണ് ഇതിെൻറ ഇന്ധനം. മണ്ണിനെ വിട്ട് വിണ്ണിലേക്കില്ല എന്ന ഭാവത്തിലുള്ള നിൽപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി.
അകം അറിവിെൻറ വിളനിലങ്ങളാണ്. ഷാർജ ഹൽവാനിലെ ശൈഖ് സായിദ് റോഡിനോടുചേർന്ന് പറക്കും തളികയുടെ ആകൃതിയിൽ 1970ൽ നിർമിച്ച കെട്ടിടത്തിന് പറയാനുണ്ട് ഏറെ അതൃപങ്ങൾ. ഷാർജ ആർട്ട് ഫൗണ്ടേഷെൻറ (സാഫ്) സ്വന്തമാകുന്നതിന് മുമ്പ് കച്ചവട കേന്ദ്രവും ഭക്ഷണ ശാലയുമായി വേഷമിട്ടിട്ടുണ്ട് ഈ ഗഗന വിസ്മയം. സാഫിെൻറ കൈയിൽ എത്തിയതോടെ പറക്കും തളികയുടെ ചിറകുകൾക്ക് ആകാശം തിരിച്ചു കിട്ടി.
പടിപ്പുര വാതിൽ തുറന്ന് ചെല്ലുന്നത് അക്ഷരങ്ങളുടെ പച്ചപ്പിലേക്കാണ്. വായനയുടെ മഹത്വം അനാവരണം ചെയ്യുന്ന കനമുളള പുസ്തകങ്ങൾ സന്ദർശകനെയും കൂട്ടി സൗരയൂഥത്തിലേക്ക് വിരുന്ന് പോകും.
ഭൂഗർഭ അറകളിൽ പ്രവർത്തിക്കുന്ന പ്രദർശനശാലകളിൽ നിന്ന് ഭാഷകളുടെ മാന്ത്രികത ചിറകുവിടർത്തും. 1970 മുതൽ ഷാർജ നിവാസികൾക്ക് പ്രിയപ്പെട്ടതാണ് ഫ്ലൈയിങ് സോസർ. അതിെൻറ വൈവിധ്യം നിറഞ്ഞ ഘടനയെ സംരക്ഷിക്കുക മാത്രമല്ല, പുതുതലമുറക്ക് സാംസ്കാരിക വെളിച്ചം പകരുക കൂടി ലക്ഷ്യമാണെന്ന് സാഫ് ഡയറക്ടർ ശൈഖ ഹൂർ അൽ ഖാസിമി പറഞ്ഞു.
പറക്കും തളിക ഷാർജയുടെ കൂട്ടായ സാംസ്കാരിക ഓർമകളുടെയും സ്വത്വത്തിെൻറയും ഭാഗമാണ്. 1960കളിലെയും '70കളിലെയും പാശ്ചാത്യ സാഹിത്യത്തിെൻറയും ജനപ്രിയ സംസ്കാരത്തിെൻറയും ബഹിരാകാശ ഗവേഷണങ്ങളുടെയും ഷാർജയുടെ സാംസ്കാരിക മുന്നേറ്റങ്ങളുടെയും ഇമറാത്തി വാസ്തുവിദ്യയുടെയും മുന്നേറ്റത്തെയാണ് അതിെൻറ വി ആകൃതിയിലുള്ള ഘടന ഉയർത്തിക്കാട്ടുന്നത്. തുണുകളും 23 അടി ഉയരമുള്ള താഴികക്കുടവും ചേർന്ന് പറന്നുയരാൻ പോകുന്ന നിലയിലാണ് പറക്കും തളികയുടെ നിൽപ്പ്.
2012ലാണ് സാഫ് ഈ കെട്ടിടം ഏറ്റെടുത്തത്. 2015ലെ വെനീസ് ബിനാലെ ഇവിടെയാണ് അരങ്ങേറിയത്. ലോഞ്ച് പാഡിൽ ആർട്ട് ലൈബ്രറിയും ഫിലിം സ്ക്രീനിങ് സ്ഥലവും വർക്ക്സ്പെയ്സുകളും സാമൂഹിക മേഖലകളും ഉൾപ്പെടുന്നു. ചലച്ചിത്ര പ്രദർശനങ്ങൾ, വർക്ക് ഷോപ്പുകൾ, കവിതകൾ വായിക്കൽ, കഥ പറയൽ തുടങ്ങി നിരവധി പരിപാടികളാണ് ഇവിടെ നടക്കുന്നത്. കോവിഡ് കാലത്ത് താൽകാലിക അവധി നൽകിയിട്ടുണ്ട്.
ഒട്ടും വൈകാതെ പറക്കും തളിക ചലിച്ച് തുടങ്ങും. ഷാർജ ആർട്ട് ഫൗണ്ടേഷനും ഷാർജ ആർക്കിടെക്ചർ വിഭാഗവും സ്ഥാപിച്ച 1970, 80 കളിലെ നിരവധി കെട്ടിടങ്ങളിൽ ഒന്നാണ് ഫ്ലൈയിംഗ് സോസർ. വെളളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ഒമ്പത് വരെയുമാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.