പുതിയ പാട്ടക്കരാർ നിയമം പുറപ്പെടുവിച്ച് ഷാർജ ഭരണാധികാരി
text_fieldsഷാർജ: എമിറേറ്റിലെ പാട്ടക്കരാറുകളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇതനുസരിച്ച് എമിറേറ്റിലെ പാട്ടക്കരാറുകൾ പുറത്തിറക്കി 15 ദിവസത്തിനകം അംഗീകരിക്കാൻ ഭൂവുടമകൾ ബാധ്യസ്ഥരാണ്.
നിശ്ചിത സമയത്തിനകം ഭൂവുടമ വാടകക്കരാറുകൾ അംഗീകരിച്ചില്ലെങ്കിൽ താമസക്കാർക്ക് കോടതിയെ സമീപിക്കാം. വിഷയത്തിൽ വാടകക്കരാറുകൾ അംഗീകരിക്കണമെന്ന് ഭൂവുടമയോട് ജഡ്ജിക്ക് ആവശ്യപ്പെടാനും നിയമവ്യവസ്ഥ അനുവദിക്കുന്നു. താമസം, വാണിജ്യം, വ്യവസായം, പ്രഫഷനൽ തുടങ്ങിയ ആവശ്യങ്ങൾക്കായി വാടകക്ക് നൽകുന്ന എമിറേറ്റിലെ എല്ലാ കെട്ടിടങ്ങൾക്കും പുതിയ നിയമവ്യവസ്ഥ ബാധകമാണെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു.
പാട്ടക്കരാർ മുനിസിപ്പാലിറ്റിയോ ബന്ധപ്പെട്ട അധികാരികളോ സാക്ഷ്യപ്പെടുത്തിയില്ലെങ്കിൽ പുതിയ വ്യവസ്ഥപ്രകാരം പാട്ടക്കാരന് ഭരണപരമായ പിഴ ചുമത്തും. കൂടാതെ സാക്ഷ്യപ്പെടുത്താനുള്ള ഫീസ് കുടിശ്ശികയും ഇവർക്കെതിരെ ചുമത്താം. പാട്ടക്കരാർ സാക്ഷ്യപ്പെടുത്താനും നിശ്ചിത ഫീസും പിഴയും അടക്കാനും ഭൂവുടമയെ നിർബന്ധിക്കാൻ മുനിസിപ്പാലിറ്റിക്ക് ജഡ്ജിയോട് ഏത് സമയത്തും അഭ്യർഥിക്കാം.
കൂടാതെ പുതിയ നിയമം അനുസരിച്ച്, വാടകക്കരാറിൽ ഏർപ്പെട്ട ഇരുകക്ഷികളും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകരിച്ച തീരുമാനപ്രകാരം രേഖാമൂലമോ ഇലക്ട്രോണിക് സംവിധാനത്തിലൂടെയോ കരാർ അവസാനിപ്പിക്കാൻ ബാധ്യസ്ഥരാണ്. സാക്ഷ്യപ്പെടുത്തിയ പാട്ടക്കരാർ ഇല്ലെങ്കിൽ വാടക ബന്ധത്തിൽ ഏർപ്പെട്ട ഏതെങ്കിലും കക്ഷിക്ക് എമിറേറ്റിലെ വാടക തർക്ക പരിഹാരകേന്ദ്രത്തിൽ കേസ് ഫയൽ ചെയ്യാനാകും.
കൃഷിയിടങ്ങൾ, റസിഡൻഷ്യൽ ആവശ്യങ്ങൾക്കായി സർക്കാർ അംഗീകരിച്ച സ്ഥലങ്ങൾ, വാടകയില്ലാതെ ജീവനക്കാർക്ക് താമസിക്കാനായി കമ്പനി അനുവദിക്കുന്ന കെട്ടിടങ്ങൾ എന്നിവക്ക് നിയമം ബാധകമല്ല. എങ്കിലും തൊഴിലുടമയും ഭൂവുടമയും തമ്മിലുള്ള വാടക ബന്ധത്തിന് ഇളവ് ബാധകമല്ല. സന്ദർശകർക്കായി ഹോട്ടലുകൾ വാടകക്ക് നൽകുന്ന വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവക്കും നിയമം ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.