അക്ഷരത്തിന്റെ ആഹ്ലാദത്തിൽ ഷാർജ..
text_fieldsഷാർജ: ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി നൂറുകണക്കിന് രാജ്യങ്ങളിൽനിന്ന് പ്രസാധകരെത്തിയതോടെ ഷാർജയിൽ വീണ്ടും അക്ഷരത്തിന്റെ ആഹ്ലാദം. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യദിനത്തിൽ തന്നെ നിരവധിപേരാണ് മേളയിലേക്ക് വന്നെത്തിയത്. വൈകുന്നേരത്തോടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചതോടെ വിദ്യാർഥികളും യുവാക്കളുമടക്കം ആയിരങ്ങൾ ഒഴുകിയെത്തി.
അറബ്, ഇന്ത്യൻ പ്രസാധകരുടെ പവിലിയനുകളിലായിരുന്നു ആദ്യ ദിവസം ജനത്തിരക്ക് കൂടുതൽ. ഇത്തവണ മേളയുടെ അതിഥി രാജ്യമായ ദക്ഷിണ കൊറിയയുടെ പവിലിയനും സന്ദർശിക്കാൻ ഏറെ പേരെത്തി. മലയാളത്തിലെ മിക്ക പ്രസാധകരുടെയും പവിലിയനുകൾ സാധാരണ പോലെ ഹാൾ ഏഴിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ആകെ 1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരുമാണ് പുസ്തക ശേഖരവുമായി ഇത്തവണ എത്തിയിട്ടുള്ളത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണം ഇത്തവണ വർധിച്ചിട്ടുണ്ട്. പുസ്തകോത്സവ നഗരിയിലെ മലയാളികളുടെ ഒത്തുചേരൽ വേദിയായ ‘റൈറ്റേഴ്സ് ഫോറം’ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ബാള്‍ റൂം, ഇന്റലക്ച്വൽ ഹാൾ തുടങ്ങിയ വേദികളിലും വിവിധ ഇന്ത്യൻ എഴുത്തുകാരുടെയും സാംസ്കാരിക വ്യക്തിത്വങ്ങളുടെയും പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലെ ശിൽപശാലകളും അരങ്ങേറുന്നുണ്ട്. ആകെ 460 സാംസ്കാരിക പരിപാടികളാണ് മേളയിലേക്ക് ഒരുക്കിയിട്ടുള്ളത്.
വിഖ്യാത ഇറാഖി ഗായകൻ ഖാദിം അൽ സാഹിറുമായി അഭിമുഖ സെഷൻ, ബോളിവുഡ് താരം കരീന കപൂറിന്റെ സെഷൻ, ഈജിപ്ത് കൊമേഡിയൻ ബാസിം യൂസുഫിന്റെ സെഷൻ, ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ സെഷൻ എന്നിവ ഇത്തവണ വായനാ സമൂഹം പുസ്തകമേളയിൽ കാത്തിരിക്കുന്ന പരിപാടികളാണ്. അറബ് സാംസ്കാരിക രംഗത്തെ പ്രമുഖർക്ക് പുറമെ, ഇന്ത്യയിൽനിന്ന് നീന ഗുപ്ത, നിഹാരിക എന്‍.എം, അജയ് പി.മങ്ങാട്ട്, ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്, കജോള്‍ ദേവ്ഗൺ, ജോയ് ആലുക്കാസ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.