ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണഘടന ഭേദഗതിക്കൊരുങ്ങുന്നു
text_fieldsഷാർജ: യു.എ.ഇയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ അസോസിയേഷനായ ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭരണഘടന ഭേദഗതിക്കൊരുങ്ങുന്നു. ഷാർജ ഇന്ത്യൻ സ്കൂളിലെ ജീവനക്കാരുടെ ബന്ധുക്കളെ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന ഭേദഗതിയാണ് ഒരുങ്ങുന്നത്. ഇതിനെതിരെ ‘ഒരുമ’ എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ച് നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് മറുവിഭാഗം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭീഷണിയാകുന്നവരെ മാറ്റിനിർത്താനാണ് ഭേദഗതിയെന്നാണ് ഇവരുടെ ആരോപണം. എന്നാൽ, ബന്ധുനിയമനം ഒഴിവാക്കുന്നതിനാണ് ഭേദഗതിയെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
സ്കൂൾ ജീവനക്കാരുടെ അച്ഛൻ, അമ്മ, ഭർത്താവ്, മക്കൾ എന്നിവർക്ക് മത്സരിക്കാൻ കഴിയില്ലെന്നാണ് ഭേദഗതിയിൽ പറയുന്നത്. ഇതോടെ 120ഓളം പേർക്ക് മത്സരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇവരിൽ 10 പേരെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്നവരാണ്. കഴിഞ്ഞദിവസം നടന്ന അവൈലബിൾ ജനറൽ ബോഡിയിൽ ഭരണഘടന ഭേദഗതി പാസാക്കിയെന്നാണ് അസോസിയേഷൻ പറയുന്നത്. ഇത് അധികൃതർക്ക് സമർപ്പിച്ച് അവർ അനുമതി നൽകുന്നതോടെ ഭേദഗതി നിലവിൽ വരും.
എന്നാൽ, ജനറൽ ബോഡി വിളിച്ചിട്ടില്ലെന്നും ഉപഹാരങ്ങൾ വിതരണം ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഭേദഗതി അവതരിപ്പിച്ചതെന്നും മറുവിഭാഗം ആരോപിക്കുന്നു. നിലവിലെ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭേദഗതി നടപ്പാക്കാവൂ. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് യോഗത്തിന് മുന്നിൽ ഭേദഗതി വെച്ചത്. എതിർശബ്ദങ്ങൾ കേൾക്കാൻ തയാറായില്ലെന്നും മറുവിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ നവംബറിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതാണ്. എന്നാൽ, കാലാവധി കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.
കാലാവധി അവസാനിച്ച ഭരണ സമിതിക്ക് ഭരണഘടനാഭേദഗതി നടപ്പാക്കാൻ കഴിയില്ല. ഇതിനെതിരായ നിയമ നടപടിയെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും എതിർവിഭാഗം ചൂണ്ടിക്കാണിക്കുന്നു. ‘ഒരുമ’ എന്ന പേരിൽ രൂപവത്കരിച്ച കൂട്ടായ്മയിൽ നിലവിൽ 76 അംഗങ്ങളുണ്ട്. ഇവരെല്ലാം സ്കൂൾ ജീവനക്കാരുടെ ബന്ധുക്കളാണ്. 2500ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജ. വാശിയേറിയ തെരഞ്ഞെടുപ്പാണ് ഓരോ വർഷവും നടക്കുന്നത്. ഈ വർഷവും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നിലവിലെ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, മുൻ പ്രസിഡന്റുമാരായ ഇ.പി. ജോൺസൺ, കെ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റായിരുന്ന എസ്.എം. ജാബിർ, മാത്തുക്കുട്ടി കഡോൺ തുടങ്ങിയവർ ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. 15,000 കുട്ടികളിലേറെ പഠിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളിന്റെ ഭരണവും അസോസിയേഷൻ ഭരണ സമിതിക്കായിരിക്കും.
തീരുമാനം ബന്ധുനിയമനം ഒഴിവാക്കാൻ -വൈ.എ. റഹീം
ഷാർജ: ഷാർജ ഇന്ത്യൻ സ്കൂളിലെ ബന്ധുനിയമനം ഒഴിവാക്കാനാണ് ഭരണഘടന ഭേദഗതി കൊണ്ടുവരുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. അസോസിയേഷന്റെ തലപ്പത്ത് ജീവനക്കാർ വരുന്നത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇവർ സ്കൂളിൽ ബന്ധുക്കളെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതായി അസോസിയേഷനിലെ അംഗങ്ങളും സംഘടനകളും ആരോപിക്കുന്നുണ്ട്. ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ചേർന്നാണ് നിയമഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചത്. 628 പേർ പങ്കെടുത്ത അവൈലബിൾ ജനറൽ ബോഡിയിൽ നാലുപേർ ഒഴികെ ആരും ഭേദഗതിയെ എതിർത്തിട്ടില്ല.
നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനക്ക് ഈ വർഷമാണ് നിയമ പരിരക്ഷക്കുള്ള അംഗീകാരം ലഭിച്ചത്. പുതിയ ഭരണഘടനയുണ്ടാക്കേണ്ടത് അനിവാര്യമാണ്. അതിനാലാണ് തെരഞ്ഞെടുപ്പ് വൈകുന്നത്. മുൻ കമ്മിറ്റികളും ഒന്നര വർഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മേയ് അവസാനത്തോടെയെങ്കിലും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആഗ്രഹം.
എല്ലാ സംഘടനകളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും വൈ.എ. റഹീം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.