ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പ്: സ്ത്രീകള്‍ക്ക് അവസര നിഷേധം; മുന്നണികള്‍ ഒറ്റക്കെട്ട്
text_fieldsഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഭരണസമിതി മത്സരരംഗത്ത് മുന്‍ വര്‍ഷങ്ങളിലെപോലെ ഇക്കുറിയും വനിതാ പ്രാതിനിധ്യമില്ലാത്തത് ചര്‍ച്ചയാകുന്നു. സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ കോണ്‍ഗ്രസ്-സി.പി.എം-മുസ്ലിംലീഗ്-ബി.ജെ.പി നേതൃത്വം നല്കുന്ന മൂന്ന് മുന്നണികളും ഒറ്റക്കെട്ടാണെന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ‘മതേതര ജനാധിപത്യ’ മുന്നണിയുടെയും മുസ്ലിംലീഗും സി.പി.എമ്മും സംയുക്ത നേതൃത്വം നല്കുന്ന ‘ജനാധിപത്യ മുന്നണിയുടെയും 14 വീതം അംഗങ്ങളും ബി.ജെ.പിയുടെ ‘സമഗ്ര ജനാധിപത്യ മുന്നണി’ 10 അംഗങ്ങളുമായാണ് മത്സരരംഗത്തുള്ളത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വോട്ടവകാശമുള്ള 2,600 അംഗങ്ങളില്‍ 40ഓളം പേര് വനിതകളാണ്. ഇവരില്‍നിന്ന് ഒരാളെപോലും മത്സരരംഗത്തിറക്കാത്ത നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്.
യു.എ.ഇയിലെ പഴക്കമുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതിയില്‍നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുകയെന്നത് അലിഖിതമായ നടപടിയായി തുടരുകയാണെന്ന് പ്രവാസി സാഹിത്യകാരന് ഇ.കെ. ദിനേശന് പറഞ്ഞു. മലയാളിയുടെ ഒന്നാം തലമുറ പ്രവാസത്തില്തന്നെ സ്ത്രീകളുടെ സാന്നിധ്യം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രണ്ടാം തലമുറയില്‍ സര്‍വമേഖലകളിലും പുരുഷന്മാർക്കൊപ്പമാണ് സ്ത്രീ സാന്നിധ്യം. സാഹിത്യ സാംസ്കാരിക ഇടങ്ങളിലും അതിന്റെ നേതൃനിരയിലും സ്ത്രീകളുടെ സജീവ സാന്നിധ്യം കാണാം. എന്നാല്‍, അടുത്തകാലത്തൊന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതിയില്‍ സ്ത്രീ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നും ദിനേശന് അഭിപ്രായപ്പെട്ടു.
സ്ത്രീകളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ടുവര്‍ഷം മുമ്പ് ഒരു സ്ത്രീ സ്വതന്ത്രയായി മത്സരിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ മത്സരരംഗത്ത് സ്ത്രീ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് യുവകലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റിയംഗവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗവുമായ സര്‍ഗ റോയി പറഞ്ഞു. വനിതകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ തങ്ങളുടെ സീറ്റ് നഷ്ടപ്പെടുമെന്നതായിരിക്കും ഒഴിച്ചുനിര്‍ത്തലിന്റെ കാരണം. ഭരണസമിതി മത്സരരംഗത്ത് സ്ത്രീകളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്കിയിട്ടുള്ളതായും സര്‍ഗ റോയി പറഞ്ഞു.
അതേസമയം, മത്സരരംഗത്തുനിന്ന് സ്ത്രീകളെ മന$പൂർവം മാറ്റിനിര്ത്തുന്നതല്ലെന്ന് മതേതര ജനാധിപത്യ മുന്നണി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോ. ഇ.പി. ജോണ്സണ് പറഞ്ഞു. ഭരണസമിതി കമ്മിറ്റി യോഗങ്ങളും മറ്റും രാത്രി വൈകിയും തുടരുന്നത് സ്ത്രീകള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രി യോഗങ്ങള്‍ സ്ത്രീകള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നതാണ് മത്സരരംഗത്ത് സ്ത്രീകളില്ലാത്തതിനെക്കുറിച്ച ജനാധിപത്യ മുന്നണി പ്രസിഡന്റ് സ്ഥാനാര്‍ഥി നിസാര്‍ തളങ്കരയുടെയും അഭിപ്രായം. സ്ത്രീകളും മത്സരരംഗത്ത് ഉണ്ടാകേണ്ടിയിരുന്നെന്ന് സമഗ്ര വികസന മുന്നണി പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയന് നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.