ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പ്; മതേതര മുന്നണിയുടെ പരാജയത്തിനു കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം
text_fieldsഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗും ഇടതുപക്ഷവും നേതൃത്വം നല്കിയ ജനാധിപത്യ മുന്നണി കോണ്‍ഗ്രസ് നേതൃത്വം നല്കിയ മതേതര മുന്നണിയെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് പോഷക സംഘടനയായ ഇന്‍കാസ് നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപം.
വിജയക്കൊടി പാറിച്ച ജനാധിപത്യ മുന്നണി സത്യപ്രതിജ്ഞക്കൊരുങ്ങുമ്പോഴാണ് ഇന്‍കാസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നേതൃത്വത്തിനുനേരെ ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നത്.
കേരളത്തിലെ പോലെ യു.എ.ഇയിലും കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചുപോരുന്ന മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി ഇടതുപക്ഷത്തിനൊപ്പം ചേരുന്നതും കോണ്‍ഗ്രസിലെ പ്രമുഖ അംഗങ്ങളുടെ വിമതസ്വരം അവഗണിച്ചതും പരാജയം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.
ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ മറുപക്ഷം ചേര്‍ന്നാല്‍ എങ്ങനെ ജയിച്ച് കയറുമെന്ന മറുചോദ്യമാണ് ഭരണസമിതിയില്‍ പ്രസിഡന്റ് പദം അലങ്കരിക്കുകയും മതേതര മുന്നണിയില്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത അഡ്വ. വൈ.എ. റഹീം ‘ഗള്‍ഫ് മാധ്യമ’ത്തോട് പ്രതികരിച്ചത്. കൂടെയുണ്ടായിരുന്നവര്‍ മറു മുന്നണിയില്‍ ചേരുന്നത് തടയാന്‍ പരമാവധി ശ്രമിച്ചുവെന്നും റഹീം പറഞ്ഞു.
കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പം മത്സരിച്ച കെ.എം.സി.സി, എന്‍.ആര്.ഐ ഫോറം, ടീം ഇന്ത്യ, സമദര്‍ശിനി, മാല്‍ക്ക തുടങ്ങിയ കൂട്ടായ്മകളുടെ കൂടുമാറ്റമാണ് മതേതരമുന്നണിക്ക് പ്രഹരമേല്‍പ്പിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ബാലകൃഷ്ണന് പറഞ്ഞു. മേയില്‍ കോഓഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിട്ടതു മുതല്‍ യു.എ.ഇ ഇന്‍കാസ് നേതൃത്വത്തിലുണ്ടായ ജാഗ്രതക്കുറവും കൂട്ടായ്മകളുടെ കൂടുമാറ്റത്തിനിടയാക്കി.
നിലവില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയായിരുന്നു കോഓഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്മാന്. തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളില്‍ പാളിച്ച പറ്റിയത് എതിര്‍പക്ഷത്തിന് നേട്ടമായതായും ബാലകൃഷ്ണന് വ്യക്തമാക്കി.
പൊതുസമൂഹം വിലമതിക്കുന്ന ഇന്‍കാസ് നേതാക്കള്‍ വിമതരായി മത്സര രംഗത്തിറങ്ങിയത് മതേതര ജനാധിപത്യ മുന്നണിയുടെ തകര്ച്ചക്കിടയാക്കിയതായി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പത്തനംതിട്ട, തിരുവനന്തപുരം ഇന്‍കാസ് ജില്ല കമ്മിറ്റി നേതാക്കള്‍ വിമതപക്ഷത്തെത്തിയത് തോല്‍വിയുടെ ആക്കംകൂട്ടി. കോണ്‍ഗ്രസുകാരായ അഹമ്മദ് ഖാന് ഒ.വൈ, എസ്.എം. റാഫി എന്നിവര്‍ സമഗ്ര മുന്നണിയില്‍നിന്ന് നേടിയത് 262 വോട്ടുകളാണ്.
യു.എ.ഇയിലെ ഇന്‍കാസ് നേതൃത്വം ബുദ്ധിപരമായ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരുന്നെങ്കില്‍ ഈ വോട്ടുകള്‍ മതേതര മുന്നണിയിലെ പെട്ടിയില്‍ വീഴുമായിരുന്നുവെന്നും പുന്നക്കന്‍ തുടര്‍ന്നു. അതേസമയം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതി തെരഞ്ഞെടുപ്പിനെ കേരളരാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന ഏകാഭിപ്രായം നിസാര്‍ തളങ്കരയും ശ്രീപ്രകാശും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.