ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് 29ന്
text_fieldsഷാർജ: ഈ മാസം 29ന് നടക്കുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു. 19, 20 തീയതികളിൽ പത്രികകൾ വിതരണം ചെയ്യും. മത്സരിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഫിസിൽ തിരിച്ചറിയൽരേഖ ഹാജരാക്കി പത്രിക കൈപ്പറ്റാം. 20, 21 തീയതികളിൽ രാവിലെ ഒമ്പത് മുതൽ 12വരെയും വൈകീട്ട് ഏഴ് മുതൽ ഒമ്പത് വരെയും പത്രിക സമർപ്പിക്കാം. മത്സരാർഥികളുടെ പ്രാഥമിക പട്ടിക 21ന് പുറത്തുവിടും. 22നാണ് പത്രിക പിൻവലിക്കാനുള്ള സമയം. അന്തിമ പട്ടിക 22ന് പ്രസിദ്ധീകരിക്കും.
29ന് ഞായറാഴ്ച രാവിലെ എട്ട് മുതൽ 8.30 വരെ അംഗങ്ങളുടെ രജിസ്ട്രേഷനും 8.45ന് പോളിങ് ആരംഭിക്കുകയും ചെയ്യും. 8.45ന് ആരംഭിച്ച് 12.30 വരെയും തുടർന്ന് ഉച്ചക്ക് 1.30ന് ആരംഭിച്ച് ആറു മണി വരെയുമാണ് പോളിങ് സമയം. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തിരിച്ചറിയൽ കാർഡുള്ള അംഗങ്ങൾക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനാവുക.
പുതിയ ഭരണഘടന ഭേദഗതിയനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി രണ്ട് വർഷമാണ്. അംഗത്വം എടുത്ത് ആറ് മാസമെങ്കിലും പൂർത്തിയാക്കിയ അംഗങ്ങൾക്ക് മാത്രമാണ് വോട്ടവകാശമുണ്ടായിരിക്കുകയുള്ളൂ. അസോസിയേഷന് കീഴിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഉറ്റബന്ധുക്കൾക്ക് ഇനി മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. ഷാർജ ഓഫിസ് പരിസരത്ത് നിന്നും അബൂദബി, ദുബൈ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റിൽ നിന്നും അംഗങ്ങൾക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷാർജ അൽഗുബൈബയിലെ ഇന്ത്യൻ സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.