ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പ് നാളെ; വോട്ടഭ്യര്‍ഥനയുമായി സ്ഥാനാര്‍ഥികൾ
text_fieldsഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അവസാനവട്ട വോട്ട് അഭ്യര്‍ഥനയില്‍ സ്ഥാനാര്‍ഥികളും അണികളും. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സമുച്ചയത്തില്‍ സജ്ജമാക്കിയ ബൂത്തുകളിൽ പോളിങ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മതേതര മുന്നണിയും ഭരണ മാറ്റം ലക്ഷ്യമിട്ട് രംഗത്തുള്ള ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. വിജയപ്രതീക്ഷയില്‍ ആത്മവിശ്വാസത്തോടെയാണ് സമഗ്ര ജനാധിപത്യ മുന്നണിയും സ്വതന്ത്രരും മത്സരരംഗത്തുള്ളത്.
ഡോ. ഇ.പി. ജോണ്സണ്
നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും -ഡോ. ഇ.പി. ജോണ്സണ്
പ്രവാസി ഇന്ത്യന്‍ സമൂഹത്തിനുള്ള മികച്ച സേവനങ്ങളുടെ തുടര്‍ച്ചക്ക് താന്‍ ഉള്‍പ്പെടുന്ന ‘മതേതര ജനാധിപത്യ മുന്നണി’ സ്ഥാനാര്‍ഥികളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗങ്ങള്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. ഇ.പി. ജോണ്സണ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തങ്ങള്‍ക്കെതിരെ മത്സര രംഗത്തുള്ളവര്‍ അടുത്ത ബന്ധമുള്ളവരും സഹോദരങ്ങളുമാണ്. ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സക്രിയമായ ജനാധിപത്യ രീതി സാധ്യമാക്കുന്നതില്‍ എതിര്മുന്നണികളോട് ബഹുമാനമുണ്ട്. അസോസിയേഷന് അംഗങ്ങളുടെ പിന്തുണയിലും ഷാര്‍ജ ഭരണാധികാരികളുടെ സമ്പൂര്‍ണ സഹകരണം ഉറപ്പാക്കിയും വിപുല ക്ഷേമ-വികസന പദ്ധതികള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ നടപ്പാക്കാന്‍ കഴിഞ്ഞത് വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ചും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും മുന്‍നിര്‍ത്തി ഇനിയും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുണ്ട്.
ഷാര്‍ജ അസോസിയേഷനു കീഴില്‍ കോളജ് തുടങ്ങുന്നതിന് ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാല അധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഭരണത്തിലേറിയാല്‍ ഇത് നടപ്പാക്കുന്നതിനായിരിക്കും ആദ്യ പരിഗണന. ലിംഗവ്യത്യാസമില്ലാതെ എല്ലാ പ്രവാസി ഇന്ത്യക്കാരുടെയും ആശ്വാസകേന്ദ്രമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ നിലനിര്‍ത്തുമെന്നും ഡോ. ഇ.പി. ജോണ്സണ് തുടര്‍ന്നു.
നിസാര്‍ തളങ്കര
നവീകരണത്തിന് പുതിയ മുഖങ്ങള്‍ വരും -നിസാര്‍ തളങ്കര
ഭരണസമിതിയില്‍ പുതിയ മുഖങ്ങള്‍ വരണമെന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ആഗ്രഹത്തിലാണ് ‘ജനാധിപത്യ മുന്നണി’യുടെ പിറവിയെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് നേതാവുമായ നിസാര്‍ തളങ്കര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഭരണസമിതിയില്‍ തസ്തികകളില്‍ പേര് മാറുമെന്നല്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെയാണ് വര്‍ഷങ്ങളായുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതി.
സുതാര്യമായ രീതിയില്‍ അസോസിയേഷന് ഭരണസമിതിയുടെ പ്രവര്‍ത്തനത്തിന് അംഗങ്ങള്‍ ജനാധിപത്യ മുന്നണിയെ ഭരണത്തിലേക്ക് നയിക്കും. അസോസിയേഷന് കീഴിലുള്ള സ്കൂളിന്റെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നവീകരിക്കും. പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കും വിദേശികള്‍ക്കുകൂടി പഠനം സാധ്യമാകുന്ന രീതിയില്‍ കോളജ്, പ്രവാസി വനിതകളുടെ ഉന്നമനത്തിന് പ്രത്യേക സബ് കമ്മിറ്റി തുടങ്ങിയവക്ക് മുന്‍ഗണന നല്‍കും. അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്ന പരിഹാരത്തിനും ‘ജനാധിപത്യ മുന്നണി’ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും നിസാര്‍ തളങ്കര വ്യക്തമാക്കി.
വിജയന് നായര്‍
സുതാര്യതക്ക് അംഗങ്ങള്‍ വോട്ട് നല്‍കും -വിജയന് നായര്‍
ആദര്‍ശവും ക്ഷേമവും മാറ്റവും അംഗങ്ങളുടെ ഉന്നമനവുമാണ് സമഗ്ര ജനാധിപത്യ മുന്നണി വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ബി.ജെ.പി നേതാവുമായ വിജയന് നായര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തങ്ങള്‍ക്കെതിരെ മത്സരിക്കുന്ന മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ മുന്‍ കാലങ്ങളില്‍ ഒരുമിച്ച് ഭരിച്ചവരാണ്. വ്യക്തിതാല്പര്യങ്ങളിലാണ് നിലവില്‍ അവര്‍ വ്യത്യസ്ത മുന്നണികളില്‍ മത്സരിക്കുന്നത്. യു.എ.ഇയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി തുടങ്ങി വിവിധ സംസ്ഥാന മന്ത്രിമാരെ നിലവിലെ ഭരണസമിതി അവഗണിക്കുകയാണ്.
ഇതിന് മാറ്റംവരുത്തി പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളുടെ ഗുണഫലം കൂടി അംഗങ്ങള്‍ക്ക് ലഭ്യമാക്കും. ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ കുട്ടികളുടെ പ്രവേശനവും ജീവനക്കാരുടെ നിയമനവുമെല്ലാം സുതാര്യമാക്കുന്നതിന് സമഗ്ര ജനാധിപത്യ മുന്നണിക്ക് അംഗങ്ങള്‍ വോട്ട് നല്‍കുമെന്നും വിജയന് നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.