ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്: വിശാല ജനകീയ മുന്നണിക്ക് ഉജ്ജ്വല വിജയം
text_fieldsഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹീം നേതൃത്വം നൽകിയ വിശാല ജനകീയമുന്നണിക്ക് ഉജ്ജ്വല വിജയം. പൂർണമായും ഐക്യജനാധിപത്യ മുന്നണി സംവിധാനത്തിലായിരുന്നു ഇൻകാസ് നേതൃത്വം നൽകുന്ന വിശാല ജനകീയമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2552 അംഗങ്ങളുള്ള അസോസിയേഷനിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 1330 പേരാണ് വോട്ട് ചെയ്തത്. അഡ്വ. വൈ.എ. റഹീം പ്രസിഡൻറ്), മാത്യു ജോൺ (വൈസ്. പ്രസിഡൻറ്), നസീർ ടി.വി (ജ. സെക്രട്ടറി), ടി.കെ. ശ്രീനാഥൻ (ട്രഷറർ), ജോ. ട്രഷറർ ബാബു വർഗീസ്, ജോ. ജനറൽ സെക്രട്ടറി മനോജ് ടി. വർഗീസ്, ഓഡിറ്റർ മുരളിധരൻ വി.കെ.പി എന്നിവരാണ് പ്രധാന ഭാരവാഹികൾ. അതേസമയം നിർവാഹക സമിതിയിലേക്ക് മൽസരിച്ച റഹീം പാനലിലെ മൂന്നുപേർ പരാജയപ്പെട്ടു.
ഈ സീറ്റുകളിൽ ഇടത്പക്ഷ സംഘടനയായ മാസ് നേതൃത്വം നൽകിയ വിശാല വികസന മുന്നണിയിലെ അബ്ദു മനാഫ്, എം.ഹരിലാൽ, പ്രദീഷ് ചിത്താര എന്നിവർ വിജയിച്ചു. ജബ്ബാർ എ.കെ, കുഞ്ഞമ്പു നായർ, റോയി മാത്യു, സാം വർഗീസ് എന്നിവരാണ് നിർവാഹക സമിതിയിലേക്ക് റഹീം പാനലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
വോട്ടെണ്ണലിൻറെ ഓരോ റൌണ്ടിലും വ്യക്തമായ ലീഡോഡെയായിരുന്നു റഹീം പാനലിെൻറ മുന്നേറ്റം. 14ാമത്തെ തവണയാണ് അസോസിയേഷൻ ഭരണ സമിതിയുടെ പ്രസിഡൻറ് പദത്തിൽ വൈ.എ. റഹിം എത്തുന്നത്.
തെരഞ്ഞെടുപ്പിൽ എട്ടു ബൂത്തുകളിലായി 1330 പേർ വോട്ട് രേഖപ്പെടുത്തി. പെയ്‌സ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ മുഹ്സിനായിരുന്നു വരണാധികാരി. രാവിലെ ഒമ്പതു മുതൽ 11 വരെയും ഉച്ചക്ക് 1.30 മുതൽ വൈകീട്ട് അഞ്ചുവരെയുമായിരുന്നു വോട്ടെടുപ്പ്.
യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും 2552 വോട്ടർമാരിൽ പകുതിയോളം പേർ വോട്ടിങ്ങിനെത്തിയില്ല. 134, 185, 145, 169, 208, 191, 126, 172 എന്നിങ്ങനെയായിരുന്നു യഥാക്രമം ഒന്നു മുതൽ എട്ടുവരെയുള്ള ബുത്തുകളിലെ വോട്ടിങ് നില. 20 ഓളം വനിത അംഗങ്ങൾ ഉണ്ടെങ്കിലും നാലു മുന്നണികളിൽ ആരും വനിതകളെ സ്ഥാനാർഥികളായി പരിഗണിക്കാത്തത് സ്ത്രീ വോട്ടർമാർക്കിടയിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.