ഷാർജ ഇന്ത്യൻ അസോസിയേഷൻ സിനിമ പ്രദർശനമൊരുക്കുന്നു
text_fieldsഷാർജ: സാമൂഹിക, സാംസ്കാരിക, സേവന മണ്ഡലങ്ങളിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ 45 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ 45 ക്ലാസിക് സിനിമകളുടെ പ്രദർശനമൊരുക്കുന്നു. ലൈബ്രറി കമ്മിറ്റിയാണ് ലോകസിനിമകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദർശനം ഒരുക്കുന്നത്.
ഇതിന്റെ ഭാഗമായി ജൂലൈ ഏഴിന് രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നാലു പ്രധാന സിനിമകൾ പ്രദർശിപ്പിക്കും. നാലു സിനിമകളാണ് മലയാളം സബ്ടൈറ്റിൽ നൽകി പ്രദർശിപ്പിക്കുക.
ചൈനീസ് സംവിധായകനായ ജിയാൻ കി ഹൂവിന്റെ ‘പോസ്റ്റ്മാൻ ഇൻ ദ മൗണ്ടൻസ്’, ഖസാഖ്സ്താൻ സിനിമയായ ‘ദി അദർ ബാങ്ക്’, ഫിൻലൻഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജൂഹൊ കുസ്മാനന്റെ ‘കമ്പാർട്ട്മെന്റ് നമ്പർ 6’, ഫലസ്തീൻ സംവിധായകനായ ഹാനി അബു അസാദിന്റെ ‘ഒമർ’ എന്നിവയാണ് പ്രദർശിപ്പിക്കുക.
കമ്യൂണിറ്റി അംഗങ്ങളുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ മുഴുവൻ അർഥത്തിലും പരിപോഷിപ്പിക്കുകയും സാംസ്കാരിക മേഖലയിൽ പുതിയ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഇത്തരം പ്രവർത്തനങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തുന്നതെന്ന് അസോസിയേഷനുവേണ്ടി പ്രസിഡന്റ് നിസാർ തളങ്കരയും സെക്രട്ടറി ശ്രീപ്രകാശും അഭിപ്രായപ്പെട്ടു.
അസോസിയേഷന്റെ പുതിയ പ്രവർത്തനങ്ങൾക്ക് വലിയ തോതിലുള്ള പിന്തുണയാണ് അംഗങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 050 5974013, 055 7488630.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.