വികസനത്തിന്റെ റൺവേയിൽ ഷാർജ വിമാനത്താവളം
text_fieldsഷാർജ: വികസനത്തിന്റെ റൺവേയിലൂടെ പറന്നുയരാൻ ഒരുങ്ങുകയാണ് യു.എ.ഇയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായ ഷാർജ വിമാനത്താവളം. ഒമ്പത് പതിറ്റാണ്ട് പിന്നിടുന്ന വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി അതി ബൃഹത്തായ പദ്ധതിക്കാണ് വിമാനത്താവള അതോറിറ്റി രൂപം നൽകിയിരിക്കുന്നത്. സേവന നിലവാരം ഉയർത്താനും കൂടുതൽ വിമാനങ്ങളെ ഉൾകൊള്ളാനുമുള്ള ശേഷി വർധിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിക്ക് 240 കോടി ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ 3,800 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളം ചരക്കു ഗതാഗത രംഗത്ത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹബ്ബാണ്. കഴിഞ്ഞ വർഷം 70,000 ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് കഴിഞ്ഞിട്ടുണ്ട്.
2026ൽ പുതിയ വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ യു.എ.ഇയിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളിൽ ഒന്നായി ഷാർജ വിമാനത്താവളം മാറും. ഇതു വഴി യൂറോപ്പിലേയും കിഴക്കൻ ഏഷ്യയിലേയും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവിസുകൾ വർധിപ്പിക്കുന്നത് വഴി ചരക്ക് ഗതാഗത രംഗത്തും കൂടുതൽ അവസരങ്ങൾ കൈവരുമെന്ന് ഷാർജ വിമാനത്താവള അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 24.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മാസത്തിനിടെ ഷാർജ വഴി യാത്ര ചെയ്തിരിക്കുന്നത് ഏതാണ്ട് 70 ലക്ഷം യാത്രക്കാരാണ്. ഷാർജ വിമാനത്താവള അതോറിറ്റിയും എയർലൈൻ പങ്കാളികളും തമ്മിലുള്ള വിജയകരമായ സഹകരണവും തടസ്സമില്ലാത്ത പ്രവർത്തനങ്ങളും മികച്ച സൗകര്യങ്ങളും ഡിജിറ്റൽ സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകാനുള്ള വിമാനത്താവളത്തിന്റെ പ്രതിബദ്ധതയുമാണ് എയർ ട്രാഫിക്കിലെ വർധനവ് സൂചിപ്പിക്കുന്നതെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ പറയുന്നു.
രണ്ട് വർഷത്തിനകം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി രണ്ട് കോടിയിലേക്ക് ഉയർത്തുകയാണ് വികസനത്തിന്റെ മറ്റൊരു ലക്ഷ്യം. അതോടൊപ്പം ചരക്കു നീക്കത്തിൽ കാര്യമായ വർധനവും നേടാനാവുമെന്നാണ് കരുതുന്നത്. 2022ൽ അറൈവൽ ടെർമിനൽ ഉൾപ്പെടെ പാസഞ്ചർ ടെർമിനലിന്റെ അറ്റകുറ്റപ്പണികൾ അതോറിറ്റി പൂർത്തീകരിച്ചിരുന്നു. 2021ൽ ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം ഏഴ് ദശലക്ഷമായിരുന്നു. 2022ൽ ഇത് 13.1 ദശലക്ഷമായി ഉയർത്താനായി. കോവിഡിന് മുമ്പുണ്ടായിരുന്ന 13.6 ദശലക്ഷം എന്ന തലത്തിലേക്ക് ഈ വർഷം യാത്രക്കാരുടെ എണ്ണം ഉയർത്താൻ കഴിയുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. വിമാനത്താവള വികസനത്തിനൊപ്പം ആറ് പുതിയ ലക്ഷ്യങ്ങളിലേക്കു കൂടി സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് കാർഗോ അധിക സർവിസുകൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.