ലോറൻസ് ഓഫ് അറേബ്യയുടെ സ്റ്റിൽ!
text_fieldsഅറേബ്യൻ ജീവിതത്തെ കുറിച്ച് ലോകത്തിന് അറിവുകൾ സമ്മാനിച്ച 1962ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് ലോറൻസ് ഓഫ് അറേബ്യ. ടി.ഇ. ലോറൻസ് എന്ന സാഹസികനായ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്റെ സാഹസികജീവിതം പ്രമേയമാക്കിയ ചിത്രമായിരുന്നു ഇത്.
ലോക സിനിമയിലെ തന്നെ ക്ലാസിക്കുകളിലൊന്നായ ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിലെ സ്റ്റിൽ ചിത്രം ഷാർജ പുസ്തകോൽസവ വേദിയിൽ നമുക്ക് കാണാനാകും. ചിത്രം മാത്രമല്ല, ഷൂട്ടിങിനായി ഉപയോഗിച്ച തിരക്കഥയുടെ കോപ്പിയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മേളയുടെ പ്രധാന ഭാഗത്ത് ശ്രദ്ധേയമായ രീതിയിൽ വിന്യസിച്ച ഫോറം ആന്റിക്വിന്റെ പവലിയനിലാണ് ഈ അപൂർവ ചിത്രം കാണാനാവുക. ആസ്ട്രിയയിൽ നിന്നുള്ള സംഘത്തിന്റെ പവലിയനിൽ അപൂർവ ചരിത്ര ഗ്രന്ഥങ്ങളുടെയും ഭൂപടങ്ങളുടെയും മറ്റും ശേഖരവുമുണ്ട്.
16ാം നൂറ്റാണ്ടിൽ പശ്ചിമേഷ്യൻ മേഖലകളിലൂടെ സഞ്ചരിച്ച യാത്രികന്റെ സഞ്ചാര കുറിപ്പുകൾ, 19ാം നൂറ്റാണ്ടിൽ ശേഖരിച്ച ട്രൂഷ്യൽ സ്റ്റേറ്റുകളെ കുറിച്ച വിവരങ്ങളടങ്ങിയ ഇന്റലിജൻസ് കുറിപ്പുകൾ, 16, 17 നൂറ്റാണ്ടുകളിൽ ഉപയോഗിച്ച മെഡിക്കൽ സയൻസിൽ അംഗീകരിക്കപ്പെട്ട അറബിക് ഭാഷയിലെ ഗ്രന്ഥങ്ങൾ, 12ാം നൂറ്റാണ്ടിൽ ശേഖരിച്ച അബൂദാവൂദിന്റെ പ്രവാചക വചന ശേഖരത്തിന്റെ കോപ്പികൾ, യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഒപ്പുവെച്ച അദ്ദേഹത്തിന്റെ കളർ ചിത്രം, 1730ലെ തുർക്കി സാമ്രാജ്യത്തിന്റെ അതിരുകൾ അടയാളപ്പെടുത്തിയ മാപ്പ്, അറബ് ലോകത്തിന്റെ അതിരുകൾ അടയാളപ്പെടുത്തിയ പ്രാചീന മാപ്പ്, വിഖ്യാത അറബ് സാഹിത്യകൃതിയായ ‘അൽഫ് ലൈല വ ലൈല’യുടെ പഴയ അറബിക് കോപ്പി തുടങ്ങിയവ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പുരാതന രേഖകളെ കുറിച്ച് പഠിക്കുന്നവർക്കും അറിയാനാഗ്രഹിക്കുന്നവർക്കും ഈ പവലിയൻ നിരവധി അപൂർവമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. പുരാതന രേഖകൾ സ്വന്തമാക്കാനുള്ള അവസരവും ഇവിടെയുണ്ട്. പ്രദർശിച്ച എല്ലാ കോപ്പികളും വില നൽകി സ്വന്തമാക്കാം. 55,000ദിർഹം മുതൽ 7.5ലക്ഷം ദിർഹം വരെ വിലയുള്ളതാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.