പോയം ബൂത്തിലെ എ.ഐ കവി
text_fieldsഷാർജ പുസ്തക മേളയിൽ സന്ദർശകരെ ഏറെ ആകർഷിച്ച ഒന്നാണ് പോയം ബൂത്തിലെ എ.ഐ കവി. പുസ്തകോത്സവം കാണാനെത്തുന്നവരെ ആദ്യം വരവേൽക്കുന്ന പവലിയനാണിത്. മുമ്പിൽ സ്ഥാപിച്ച ക്യാമറക്ക് മുന്നിൽ പോസ് ചെയ്താൽ നിങ്ങളുടെ ചിത്രങ്ങൾക്ക് അനുയോജ്യമായ കവിതകൾ തെളിയും.
ചാറ്റ് ജി.പി.ടിയുടെ സഹായത്തോടെയാണ് പല ഭാഷകളിൽ നമ്മളെ കുറിച്ചുള്ള കവിതകൾ രചിക്കുന്നത്. നിർമിത ബുദ്ധി (എ.ഐ) കവിയാണ് മനോഹരമായ കവിതകൾ രചിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്നത്. അറബിയിലും ഇംഗ്ലീഷിലും വേണമെങ്കിലും മലയാളത്തിലും കവിതയെഴുതിത്തരും ഈ എ.ഐ കവി. വൗവ് സ്റ്റുഡിയോ എന്ന കമ്പനിയാണ് ഈ എ.ഐ കവിയെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്.
ക്യാമറക്ക് മുന്നിൽ സ്ഥാപിച്ച പ്രസ് ബട്ടണിൽ അമർത്തി അഞ്ചു സെക്കന്‍ഡ് കാത്തിരുന്നാൽ നിങ്ങളെ കുറിച്ചുള്ള കവിത എ.ഐ കവി രചിക്കും. ഓരോരുത്തരുടെയും വേഷം, ഭാവം, നിറം എന്ന് തുടങ്ങിയ ഓരോ കാര്യങ്ങളും കൃത്യമായ നിരീക്ഷിച്ച ശേഷമാണ് മനോഹരമായ കവിതകൾ പിറക്കുന്നത്.
മനുഷ്യന്റെ ഭാവനയെ നിർമിത ബുദ്ധി സാങ്കേതിക വിദ്യകളായ ചാറ്റ് ജി.പി.ടി എത്ര മാത്രം സ്വായത്വമാക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ പവിലിയൻ. ഭാവനാത്മകമായ കവിതകൾ പിറക്കുന്ന പുസ്തകോത്സവത്തിൽ സന്ദർശകരെ ചിന്തിപ്പിക്കാനും പുതിയ കാലത്തെ വെല്ലുവിളികളെ ഓർമപ്പെടുത്താനും ഇത്തരം പവിലിയനുകൾ ഉപകാരപ്പെടുമെന്നാണ് നിർമാതാക്കളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.