അക്ഷരവെളിച്ചത്തിന് ഇന്ന് തിരി അണയും
text_fieldsഷാർജ: ലോകമെമ്പാടുമുളള അക്ഷരപ്രേമികൾക്ക് വായനയുടെ പുതു ലോകം തുറന്നിട്ട ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ 43ാമത് പതിപ്പിന് ഞായറാഴ്ച തിരശ്ശീല വീഴും. ‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിൽ നവംബർ ആറു മുതൽ ആരംഭിച്ച മേളയിൽ 112 രാജ്യങ്ങളില്‍നിന്നുള്ള 2520 പ്രസാധകരാണ് പുസ്തകങ്ങൾ പ്രദർശിപ്പിച്ചത്.
ലോകത്തെ അത്യപൂർവ കയ്യെഴുത്ത് പ്രതികൾ മുതൽ ഏറ്റവും ആധുനിക കാലത്തെ പുസ്തകങ്ങൾ വരെ പരിചയപ്പെടുത്തിയ മേള സംഘാടന മികവ് കൊണ്ട് ഒരിക്കൽ കൂടി ലോക ശ്രദ്ധപിടിച്ചുപറ്റുകയാണ്. ഓരോ വർഷവും മേളയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ഇതിന് തെളിവാണ്.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ബുക് അതോറിറ്റി ഏറ്റവും മികച്ച സൗകര്യങ്ങളോട് കൂടിയാണ് അക്ഷര പ്രേമികളെ ഇത്തവണയും വരവേറ്റത്. മൊറോക്കയായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം. ഇന്ത്യയിൽ നിന്നുൾപ്പെടെ ഏറ്റവും പുതിയ കൃതികളുമായി 400 രചയിതാക്കളാണ് മേളയുടെ ഭാഗമായത്.
അറബ് പങ്കാളികളില്‍ 234 പ്രസാധകരുമായി യു.എ.ഇ തന്നെയായിരുന്നു മുന്നില്‍. പിന്നാലെ 172 പ്രസാധകരുമായി ഈജിപ്റ്റ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നും 52 പ്രസാധകർ ഇത്തവണ മേളയിൽ പങ്കെടുത്തു. 12 ദിവസത്തിനിടെ ആയിരത്തിലേറെ വ്യത്യസ്തമായ സാംസ്കാരിക പരിപാടികള്‍ക്കും മേള സാക്ഷ്യം വഹിച്ചു.
കവിയരങ്ങിൽ അതിഥിയായി മലയാളത്തിന്റെ പ്രിയ കവി റഫീഖ് അഹമ്മദും പങ്കെടുത്തു. കൂടാതെ തമിഴ്നാട് ഐ.ടി മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ, എഴുത്തുകാരായ ബി ജയമോഹൻ, ചേതൻ ഭഗത്, അഖിൽ പി ധർമജൻ, അവതാരക അശ്വതി ശ്രീകാന്ത്, കവി പി.പി രാമചന്ദ്രൻ, സഞ്ചാരിയും പാചക വിദഗ്ദ്ധയുമായ ഷെനാസ് ട്രഷറിവാല, പുരാവസ്തു ഗവേഷകരായ ദേവിക കരിയപ്പ, റാണ സഫ്വി എന്നിവരായിരുന്നു ഇന്ത്യയിൽ നിന്ന് എത്തിയ മറ്റ് പ്രമുഖർ.
കേരളത്തിൽ നിന്ന് ഉൾപ്പെടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള യുവ എഴുത്തുകാരുടെ അനേകം പുസ്തകങ്ങൾ പ്രകാശിതമാകാൻ റൈറ്റേഴ്സ്ഫോറം വേദിയൊരുക്കി. എമിറേറ്റിലെ ലൈബ്രറികൾ സമ്പുഷ്ടമാക്കാനായി പുസ്തകങ്ങൾ വാങ്ങുന്നതിന് ഷാർജ ഭരണാധികാരി 45 ലക്ഷം ദിർഹമാണ് പ്രഖ്യാപിച്ചത്.
പുസ്തകമേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിലൂടെ പുസ്തക പ്രസാധകരെ ശക്തിപ്പെടുത്തുകയെന്നതും ഇദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. മേളയിലെത്താനായി ഷാർജ ബുക് അതോറിറ്റി സൗജന്യ ബോട്ട് സർവിസും ഏർപ്പെടുത്തിയിരുന്നു.
കഥകളും കവിതകളും നോവലുകളും അനുഭവകുറിപ്പുകളും യാത്ര വിവരണങ്ങളും തുടങ്ങി എഴുത്തിന്റെ മേഖലകളിലേക്ക് നവാഗതരായ ഒരുപാട് പേരെ കൈപിടിച്ചു കയറ്റാൻ ഓരോ പുസ്തകോത്സവത്തിനും കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതി ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് ഇത്തവണയും മേളക്ക് കൊടിയിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.