അക്ഷര വെളിച്ചത്തിന് ഇന്ന് തിരിതെളിയും
text_fieldsദുബൈ: പുസ്തകങ്ങളുടെ ലോകം അറബ് നാട്ടിലേക്ക് ഒഴുകിയെത്തുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43ാം എഡിഷന് ബുധനാഴ്ച തുടക്കം. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 17 വരെ നടക്കുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗത്ഭ എഴുത്തുകാരും ചിന്തകരും ജന പ്രതിനിധികളും പങ്കെടുക്കും.
12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 112 രാജ്യങ്ങളിൽ നിന്ന് 2522 പ്രസാധകരും പ്രദർശകരും പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോകത്തെ 63 രാജ്യങ്ങളിൽ നിന്നായി 250 അതിഥികളാണ് പുസ്തകോത്സവ വേദിയിലെത്തുന്നത്. ഇവരുടേതടക്കം ആകെ 1,357 സാംസ്കാരിക പരിപാടികൾ പുസ്തകോത്സവ ദിനങ്ങളിൽ അരങ്ങേറും. കൂടാതെ 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിലുള്ള ലൈവ് പാചക സെഷനുകളും ഉണ്ടാകും.
‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഇത്തവണ മൊറോക്കോയാണ് അതിഥി രാജ്യം. യു.എ.ഇയിൽനിന്ന് മാത്രമായി ഇത്തവണ 234 പ്രസാധകരാണ് പങ്കെടുക്കുന്നത്. 172 പ്രസാധകരുമായി ഈജിപ്തും പുസ്തകോത്സവത്തിൽ എത്തും. ലബനാനിൽ നിന്ന് 88ഉം സിറിയയിൽ നിന്ന് 58ഉം പ്രസാധകരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 52 പ്രസാധകരാണ് ഇത്തവണ എത്തുന്നത്.
32 രാജ്യങ്ങളിൽ നിന്നുള്ള 134 അതിഥികൾ പങ്കെടുക്കുന്ന 500 സാംസ്കാരിക പ്രവർത്തനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. എല്ലാ പ്രായക്കാർക്കുമായി 600 വർക്ക്ഷോപ്പുകൾ നടത്തുകയും ക്രിയാത്മകമായ സാഹിത്യ രചന രംഗത്തെ പ്രമുഖരായ ആഗോള വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക വർക്ക്ഷോപ്പുകളും അരങ്ങേറും. മേളയുടെ എല്ലാദിവസവും രാവിലെ നടക്കുന്ന കവിയരങ്ങ് ഈവർഷത്തെ പ്രത്യേകതയായിരിക്കും. ആറ് ഭാഷകളിൽ നടക്കുന്ന കവിയരങ്ങളിൽ മലയാളത്തിൽ നിന്ന് റഫീഖ് അഹമ്മദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. പുസ്തകമേളയിൽ എത്തുന്ന പ്രത്യേക അതിഥികളിൽ ബോളിവുഡ് താരം ഹുമ ഖുറൈശിയുമുണ്ടാകും.
പുസ്തകോത്സവ നഗരിയിലെ മലയാളികളുടെ ഒത്തുചേരൽ വേദിയായ ‘റൈറ്റേഴ്സ് ഫോറം’ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി നിരവധി പുസ്തകങ്ങളുടെ പ്രകാശനം ഇവിടെ നടക്കും. ബാള് റൂം, ഇന്റലക്ച്വൽ ഹാൾ തുടങ്ങിയ വേദികളിലും വിവിധ ഇന്ത്യൻ എഴുത്തുകാരുടെയും സാംസ്കാരിക വ്യക്തിത്വങ്ങളുടെയും പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.