ഷാർജ ലേബർ സ്പോർട്സ് ടൂർണമെന്റ് ജനുവരി ഏഴുമുതൽ
text_fieldsഷാർജ: ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാർജ ലേബർ സ്പോർട്സ് ടൂർണമെന്റിന്റെ ആറാം പതിപ്പ് ജനുവരി ഏഴുമുതൽ മാർച്ച് 18 വരെ നടക്കും. 140 ടീമുകളിലായി ഏകദേശം 1,500 കളിക്കാർ പങ്കെടുക്കും.
ഷാർജ വിമാനത്താവളത്തിന് എതിർവശത്തുള്ള ഷാർജ നാഷനൽ പാർക്കിലെ മൈതാനങ്ങളിൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴുമുതൽ വൈകീട്ട് 5.30 വരെയാണ് മത്സരം. ഷാർജ സ്പോർട്സ് കൗൺസിലിന്റെയും റീച്ച് ടാർഗെറ്റിന്റെ ഓർഗനൈസിങ് കമ്പനിയുടെയും സഹകരണത്തോടെയാണ് ടൂർണമെന്റ്. അഞ്ച് കായികയിനങ്ങളിലായി 140 ലേബർ ടീമുകൾ ഏറ്റുമുട്ടും. ഫുട്ബാളിൽ 40 ടീം, ക്രിക്കറ്റ് 35, ബാസ്കറ്റ് ബാൾ 25, വോളിബാൾ 20, ഹോക്കി 20 ടീമുകൾ മത്സരിക്കും. ഗ്രൂപ്പായി തിരിഞ്ഞായിരിക്കും മത്സരം. വിജയികൾക്ക് 200,000 ദിർഹമിന്റെ കാഷ് പ്രൈസുകളും സമ്മാനങ്ങളും നൽകും.
ഷാർജയിലെ തൊഴിലാളികൾക്ക് പ്രോത്സാഹനമേകാനും അവരുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുക. വാർത്തസമ്മേളനത്തിൽ എൽ.എസ്.ഡി.എ ചെയർമാൻ സാലിം യൂസഫ് അൽ ഖസീർ, ഷാർജ സ്പോർട്സ് കൗൺസിലിലെ കായിക വിദഗ്ധൻ സയീദ് അൽ അജിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.