ഭൂകമ്പബാധിതർക്ക് ധനസമാഹരണത്തിന് ഷാർജ ടെലിത്തൺ
text_fieldsഷാർജ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പബാധിതർക്ക് ധനസമാഹരണത്തിന് ഷാർജയിൽ ടെലിത്തൺ സംഘടിപ്പിക്കുന്നു. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയും ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ബിഗ് ഹാർട്ട് ഫൗണ്ടേഷനും ഷാർജ ചാരിറ്റി ഇന്റർനാഷനലും ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി സഹകരിച്ചാണ് ടെലിത്തൺ പുറത്തിറക്കുന്നത്.
ലോകമെമ്പാടും ജനങ്ങളോടും സ്ഥാപനങ്ങളോടും ഓർഗനൈസേഷനുകളോടും കാമ്പയിനിൽ പങ്കെടുക്കാനും ഒപ്പം നിൽക്കാനും ശൈഖ ജവഹർ അൽ ഖാസിമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ച രണ്ടിന് ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ എല്ലാ വാർത്താമാധ്യമങ്ങളിലും പ്ലാറ്റ്ഫോമുകളിലും ദുരിതബാധിതരെ പിന്തുണക്കുന്നതിന് പ്രത്യേക ധനസമാഹരണം നടത്തും. +971505350152 നമ്പറിലോ അല്ലെങ്കിൽ 80014 എന്ന നമ്പറിലോ വിളിച്ചോ ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.tbhf.ae വഴിയോ അല്ലെങ്കിൽ ഷാർജ ചാരിറ്റി ഇന്റർനാഷനൽ വെബ്സൈറ്റായ https://shjc.sharjah.ae വഴിയോ ജനങ്ങൾക്ക് സംഭാവന നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.